മദ്യപിച്ച് എത്തിയ വരന് വധുവിന്റെ സുഹൃത്തിനെ മാലയിട്ടു; വിവാഹവേദിയില്‍ പൊരിഞ്ഞ തല്ല്

മദ്യലഹരിയില്‍ വിവാഹത്തിനെത്തിയ വരന് മാലയിട്ടത് വധുവിന്റെ ഉറ്റ സുഹൃത്തിനെ. തുടര്‍ന്ന് വിവാഹവേദിയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ തല്ലായി. ഇരുകൂട്ടരും കസേരകളും മറ്റും എറിയാന്‍ തുടങ്ങിയതോടെ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയാണ് സംഭവം. വരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹചടങ്ങിലേക്ക് വരനും കൂട്ടരും വൈകിയാണ് എത്തിയതെന്ന് വധുവിന്റെ വീട്ടുകാര്‍ പറയുന്നു. വിവാഹത്തിന് മുന്‍പായി വരന്റെ കുടുംബം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും, രണ്ട് ലക്ഷം രൂപ വിവാഹദിവസം സ്ത്രീധനമായി നല്‍കിയതായും വധുവിന്റെ പിതാവ് പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചെത്തിയ വരന് കുടുംബാംഗങ്ങളെ ചീത്ത വിളിച്ചതായും പിതാവ് പറഞ്ഞു.
ചടങ്ങില്‍ മദ്യപിച്ചെത്തിയ വരന് വധുവിനെ മാല ചാര്‍ത്തുന്നതിന് പകരം വധുവിന്റെ സമീപത്തു നിന്നിരുന്ന ഉറ്റ സുഹൃത്തിനെയാണ് മാല അണിയിച്ചത്. മദ്യപിച്ചെത്തിയ വരന്റെ പ്രവൃത്തി സഹിക്കാനാകാതെ വന്നതോടെ വധു യുവാവിനെ അടിക്കുകയും, വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായി. സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് എത്തുകയും വരന്റെ വീട്ടുകാരെ തിരിച്ചയക്കുകയും ചെയ്തു.