വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി 18 വയസ് തികയണമെന്നില്ല
രാജ്യത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 18 വയസ്സ് തികയാന്‍ കാത്തിരിക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. 17 വയസ്സ് പൂര്‍ത്തിയായാല്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാം.
ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങള്‍ നല്കാന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന് നിര്‍ദേശം നല്കി. നിലവില്‍ ഇതുവരെ അതത് വര്‍ഷം ജനുവരി ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്കാന് സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഉത്തരവോടെ 17 തികഞ്ഞാല്‍ മുന്‍കൂര്‍ അപേക്ഷ നല്‍കാനാകും.
എല്ലാ സംസ്ഥാനങ്ങളിലേയും സിഇഒ, ഇആര്‍ഒ, എഇആര്‍ഒ പദവികളിലുള്ളവരോട് യുവജനങ്ങള്‍ക്ക് മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കുന്നതിനായി സാങ്കേതിക സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ മൂന്ന് മാസം കൂടുമ്പോഴും വോട്ടര്‍ പട്ടിക പുതുക്കും. പതിനെട്ട് വയസ് തികയുന്ന പാദത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാനാകും. രജിസ്റ്റര്‍ ചെയ്തതിന് ശേഷം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്യും.
Content Highlights – Election Commission, No need to wait until the age of 18 to add Voter list