നിഷ്ക്രിയരായ രാഷ്ട്രീപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ആവശ്യവുമായി തെര. കമ്മീഷൻ
ജനപ്രാതിനിധ്യ നിയമമനുസരിച്ച് രാഷ്ട്രീയപ്പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത്. കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് ഇക്കാര്യം ഉന്നയിച്ചത്. നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഭരണഘടനാപരമായ അധികാരം നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
അംഗീകാരമില്ലാത്ത പാർട്ടികൾ നടത്തുന്ന അഴിമതിയും മറ്റ് അനാവശ്യ ഇടപെടലുകളും കണ്ടെത്തി തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ചില പാർട്ടികൾ എന്തിനാണ് നിലകൊള്ളുന്നതെന്ന് അവർക്ക് പോലും അറിയാത്ത സാഹചര്യമുണ്ട്. പലതും കടലാസ് പാർട്ടികൾ മാത്രമാണ്. ഒരിക്കൽ പോലും അവർ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവുന്നില്ലെന്നും കമ്മീഷൻ പറയുന്നു. ഇത്തരം രാഷ്ട്രീ പാർട്ടികളെ പേരിന് വേണ്ടി പോത്സാഹിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദായ നികുതി ഒഴിവടക്കമുള്ള ആനുകൂല്യങ്ങൾ നേടുന്നതിനാണ് പലരും രാഷ്ട്രീയ പാർട്ടിയുടെ ലേബൽ ദുരുപയോഗം ചെയ്യുന്നതെന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു. കമ്മിഷന് പുതിയ അധികാരം വേണമെങ്കിൽ ജനപ്രാതിനിധ്യനിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്.
രാജ്യത്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച, എന്നാൽ അംഗീകാരമില്ലാത്ത 198 രാഷ്ട്രീയ പാർട്ടികളെ കമ്മിഷൻ രജിസ്റ്ററിൽനിന്ന് ഒഴിവാക്കിയിരുന്നു. സൂക്ഷ്മപരിശോധനയിൽ ഈ പാർട്ടികൾ ഇല്ലെന്നാണ് ബോധ്യപ്പെട്ടതെന്നും കമ്മിഷൻ പറയുന്നു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എന്നാൽ അംഗീകൃതമല്ലാത്ത 2800 രാഷ്ട്രീയ പാർട്ടികളുണ്ട്.
Content Highlights: Election Commission Of India political Party