തൃപ്രയാര്‍ ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തിയ ആദ്യ പ്രധാനമന്ത്രി
തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്ബ് തൃപ്രയാറില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടുന്നത് ഉചിതമായിരിക്കുമെന്ന ക്ഷേത്രം തന്ത്രിയുടെ അഭ്യര്‍ഥന സ്വീകരിച്ചാണ് മോദി തൃപ്രയാറില്‍ എത്തിയത്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തിയ പ്രധാനമന്ത്രി മറ്റ് വഴിപാടുകള്‍ക്ക് പുറമെ വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു. 1.25 മണിക്കൂര്‍ അദ്ദേഹം ക്ഷേത്രത്തില്‍ ചെലവഴിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു. രാവിലെ അയ്യപ്പ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. ഒമ്ബതിന് ശേഷം ആരെയും പ്രവേശിപ്പിച്ചില്ല. തന്ത്രി പടിഞ്ഞാറെ മനയില്‍ തരണനെല്ലൂര്‍ പത്മനാഭൻ നമ്ബൂതിരി അടക്കം അഞ്ച് പേര് മാത്രമാണ് പ്രധാനമന്ത്രിക്കൊപ്പം ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നത്. എസ്.പി.ജിയുടെയും കേരള പൊലീസിന്റെയും കര്‍ശന നിയന്ത്രണത്തിലായിരുന്നു ക്ഷേത്ര പരിസരം.
പ്രധാന വഴിപാടായ വെടിവഴിപാടിന് അനുമതിയുണ്ടായില്ല. 10.05ന് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി 11.30നാണ് പുറത്തിറങ്ങിയത്. 11.50ന് വലപ്പാട് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് പോയി.