വിവാഹം നടക്കുന്നതിന് വേണ്ടി നാടോടി ദൈവം ഭേരുവിന് കുഞ്ഞിനെ ബലി നൽകി; സ്വന്തം സഹോദരിയുടെ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഇല്ലാതാക്കിയത് നാല് യുവതികൾ ചേർന്ന്
മംഗല്യഭാഗ്യം ലഭിക്കുന്നതിനായി, അതായത് വിവാഹം പെട്ടെന്ന് നടക്കുന്നതിനായി ദൈവത്തെ പ്രീതിപ്പെടുത്താൻ 16 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ നാല് യുവതികള്‍ ചേര്‍ന്ന് ചവിട്ടിക്കൊന്നു എന്ന ദാരുണമായ വാർത്തയാണ് രാജസ്ഥാനിൽ നിന്നും കേൾക്കുന്നത്. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം നടന്നത്.
കുലദൈവമായ ഭേരുവിനെ പ്രീതിപ്പെടുത്തുന്നന് വേണ്ടിയാണ് സ്വന്തം സഹോദരിയുടെ കുഞ്ഞിനെ ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മ കുളിക്കുന്നതിനായി പോയ സമയത്തായിരുന്നു ഈ കൊലപാതകം നടത്തിയത്. വാതിൽ അടച്ചിട്ട ശേഷമാണ് കൊലപാതകം നടത്തിയതെന്നും പറയുന്നു. കുടുബത്തിന്റെ പരാതിയില്‍ നാലു യുവതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
നവജാത ശിശുവിനെ കുരുതി നല്കിയാല് വിവാഹം വേഗത്തില്‍ നടക്കുമെന്ന് ആരോ ഉപദേശിച്ചെന്നും ഇതോടെയാണ് ഈ കൊടും ക്രൂരതയ്ക്ക് മുതിര്‍ന്നതെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ മടിയില്‍ വച്ച് യുവതികളിലൊരാള്‍ മന്ത്രങ്ങള്‍ ഉരുവിടുന്നതിന്റെയും ചുറ്റും നിൽക്കുന്ന സഹോദരിമാര്‍ അത് ഏറ്റുചൊല്ലുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അതിക്രൂരമായ മര്‍ദനമാണ് ഈ കുഞ്ഞിന് ഏല്‍ക്കേണ്ടി വന്നതെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞിന്റെ കയ്യും കാലും തല്ലിയൊടിച്ചിരുന്നുവെന്നും കഴുത്തില്‍ ചവിട്ടിപ്പിടിച്ചാണ് കൊന്നതെന്നും മുടി പിഴുതെടുത്തിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
സഹോദരിമാര്‍ അവരുടെ വിവാഹം ശരിയാകാത്തതില്‍ അസ്വസ്ഥരായിരുന്നുവെന്നും, തങ്ങൾക്കായി വിവാഹാലോചന കൊണ്ടു വരണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടിരുന്നതായും കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവായ യുവാവ് പറഞ്ഞു. ഹീനമായ കൃത്യമാണ് തന്റെ ഭാര്യയുടെ സഹോദരിമാര്‍ ചെയ്തതെന്നും ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്നും വിഡിയോ തെളിവായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം യുവതികള്‍ പതിവായി ദുര്‍മന്ത്രവാദം ചെയ്തുവരുന്നവരാണെന്നും ഇതിനായി ഉപയോഗിക്കുന്ന നാരങ്ങയും മുളകുമെല്ലാം പൂജയ്ക്ക് ശേഷം ഇവര്‍ വഴിയില്‍ ഉപേക്ഷിക്കാറുണ്ടെന്നും അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്കി. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.
തന്റെ ഭാര്യയുടെ സഹോദരിമാരാണ് കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവ് തന്നെയാണ് മൊഴി നൽകിയത്. കുറച്ചുകാലമായി വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഇവർക്ക് വിവാഹാലോചനകൾ ലഭിക്കാനായിട്ടാണ് കുഞ്ഞിനെ ചവിട്ടിക്കൊന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസത്തിൻ്റെ പേരിൽ സ്വന്തം കുടുംബാംഗങ്ങൾ നടത്തിയ ഈ ക്രൂരതയിൽ ജോധ്പൂർ നഗരം വിറങ്ങലിച്ചിരിക്കുകയാണ്.
ഒക്ടോബർ 24നാണ് ഈ ദമ്പതികൾക്കു കുഞ്ഞ് പിറന്നത്. ഈ കുഞ്ഞിനെ കൊലപ്പെടുത്തിയാൽ തങ്ങളുട വിവാഹം നടക്കുമെന്ന അന്ധവിശ്വാസമാണ് നാല് സ്ത്രീകളെയും ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. ഈ സ്ത്രീകൾ നാടോടി ദേവതയായ ഭേരുവിനെയാണ് ആരാധിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്.
കടുത്ത അന്ധവിശ്വാസങ്ങളും, ദുരാചാരങ്ങളും നിലനിൽക്കുന്ന ഒരു സ്ഥലമാണ് രാജസ്ഥാൻ. ഏതാനും മാസങ്ങൾക്ക് മുന്നെയാണ്. രാജസ്ഥാനിലെ ജയ്പുരില്‍ പിണങ്ങിപോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ അമ്മാവനായ മനോജിനെയും മന്ത്രവാദിയെയും അറസ്റ്റ് ചെയ്തു. ദുരാചാരത്തിന്റെ ഭാഗമായി മനോജ് കുട്ടിയെ ബലികൊടുത്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മനോജുമായി വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയെ തിരികെ എത്തിക്കാൻ ഇയാള്‍ മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. ഇതിനായി മന്ത്രവാദി മനോജിനോട് 12,000 രൂപയും, ഒരു കുട്ടിയുടെ ബലിദാനവും, മന്ത്രവാദത്തിനായി കുട്ടിയുടെ രക്തവുമാണ് ആവശ്യപ്പെട്ടത്.മന്ത്രവാദി പറഞ്ഞതനുസരിച്ച് ഇയാള്‍ കുട്ടിക്ക് മിഠായി നല്കി ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു.
ഇവിടെ വച്ച് കുട്ടിയെ കൊലപ്പെടുത്തി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിറിഞ്ചില്‍ രക്തം ശേഖരിച്ച് വൈക്കോലില്‍ ഒളിപ്പിച്ചവെയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്തം എടുക്കാൻ ഉപയോഗിച്ച സിറിഞ്ച് പോലീസ് കണ്ടെടുത്തിരുന്നു.
പ്രാചീന സമൂഹങ്ങളിൽ നിലനിന്നിരുന്ന ദുരാചാരങ്ങളിൽ ഒന്നാണ് നരബലി. ദൈവപ്രീതി അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി മനുഷ്യനെ തന്നെ ബലിയായി നൽകുന്നതിനെയാണ് നരബലിയെന്ന് പറയുന്നത്. ചരിത്രത്തിലുടനീളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടുമിക്ക സംസ്കാരങ്ങളിലും നരബലി നടപ്പാക്കാറുണ്ടായിരുന്നു.
ദൈവപ്രീതി, ഭൂമിയുടെ ഫലപുഷ്ടി വർദ്ധിപ്പിക്കൽ, അമാനുഷിക ശക്തികൾ, സ്വർഗലഭ്യത, രോഗമുക്തി തുടങ്ങിയ നേട്ടങ്ങൾ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് നരബലി നടത്തിയിരുന്നത്. ഇന്ത്യയിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നരബലിയേക്കുറിച്ചുള്ള വാർത്തകൾ എല്ലായ്പ്പോലും ഉയർന്നിരുന്നു. അതേസമയം, കേരളീയർക്ക് അത്ര പരിചിതമായ കാര്യമായിരുന്നില്ല നരബലി. എന്നാൽ കേരളം വിറച്ച ഇലന്തൂര്‍ ഇരട്ട നരബലി പുറത്തുവന്നിട്ട് ഇപ്പോൾ മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്..
എറണാകുളത്തെ ലോട്ടറി വില്പനക്കാരായ റോസ്ലിനേയും പത്മയേയും ആണ് മുഹമ്മദ് ഷാഫി തന്ത്രപൂര്‍വം ഇലന്തൂരിലെ തിരുമ്മുകാരനായ ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തിച്ച് ബലി കൊടുത്തത്.
കൊലപാതകത്തിന് ശേഷം മൃതദേഹ ഭാഗങ്ങള്‍ ഭക്ഷിക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മുഹമ്മദ് ഷാഫി ഭഗവല്‍ സിങ്ങിനേയും ഭാര്യ ലൈലയേയും ദുര്‍മന്ത്രവാദത്തിന്റെ ലോകത്തേക്ക് നയിച്ചത്. അവിടെ നിന്നാണ് അത് നരബലിയിലേക്ക് എത്തിയത്













