ഗഗന്യാന്: പരീക്ഷണ വിക്ഷേപണം വിജയം; ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു
ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്നും വേര്‍പെട്ട് കൃത്യമായി കടലില്‍ പതിച്ചു. ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ ഇത് പിന്നീട് കരയിലെത്തിക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി.
9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഒമ്ബത് മിനിറ്റിനൊടുവില്‍ ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 മണിക്കാണ് റോക്കറ്റ് വിക്ഷേപിച്ചത്. രാവിലെ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 8:45ലേക്ക് മാറ്റിയെങ്കിലും വിക്ഷേപണം നടത്താൻ അഞ്ച് സെക്കൻഡ് ബാക്കിനില്‍ക്കേ ജ്വലനപ്രശ്നങ്ങള്‍ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിശോധിച്ച ശേഷം വിക്ഷേപണ സമയം അറിയ്ക്കാമെന്ന് ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് അറിയിച്ചിരുന്നു.