ഉത്തര്‍പ്രദേശില്‍ വിവാഹ ഘോഷയാത്രക്കിടെ വരന്റെ വെടിയേറ്റ് സുഹൃത്തിന് ദാരുണാന്ത്യം
ഉത്തര്‍പ്രദേശില്‍ വിവാഹ ഘോഷയാത്രക്കിടെ വരനുതിര്ത്ത വെടിയേറ്റ് സുഹൃത്ത് മരിച്ചു. സോനഭദ്ര ജില്ലയിലെ ബ്രഹ്മനഗറിലാണ് സംഭവമുണ്ടായത്. വരന് മനീഷ് മദേഷിയയുടെ സുഹൃത്തും സൈനികനുമായ ബാബു ലാല്‍ യാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വരനെ പോലീസ് അറസ്റ്റ് ചെയ്തു. ബാബു ലാല്‍ യാദവ് തന്നെയാണ് മനീഷിന് തോക്ക് നല്‍കിയത്. ഇതുപയോഗിച്ച് മനീഷ് വെടിയുതിര്‍ക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഘോഷയാത്രയുടെ ഭാഗമായി രഥത്തില്‍ നില്ക്കുന്ന മനീഷ് വെടിയുതിര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. വെടിയേറ്റ ബാബു ലാല്‍ യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബാബുലാലിന്റെ കുടുംബത്തിന്റെ പരാതിയിലാണ് വരനെതിരെ കേസെടുത്തത്. തോക്ക് പോലീസ് കണ്ടെടുത്തു.
വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി തോക്ക് ഉപയോഗിക്കുന്നതും വെടിയുതിര്‍ക്കുന്നതും രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്.
Content Highlights: Wedding, Celebratory Firing, Wedding Procession, Groom, Death