പ്രണയവിവാഹത്തിന് അച്ഛനമ്മമാരുടെ സമ്മതം വേണം; വിചിത്ര നീക്കവുമായി ഗുജറാത്ത് മുഖ്യമന്ത്രി
പ്രണയവിവാഹങ്ങള്‍ക്ക് അച്ഛനമ്മമാരുടെ സമ്മതം നിര്‍ബന്ധമാക്കുന്നത് പരിശോധിക്കുമെന്ന വിചിത്ര പ്രഖ്യാപനവുമായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. ഇക്കാര്യം പഠിക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സഭയില്‍ ആരെങ്കിലും ബില്‍ അവതരിപ്പിച്ചാല്‍ പിന്തുണയ്ക്കുമെന്നും പട്ടേൽ പറഞ്ഞു. മെസാനയില് പട്ടീദാര്‍ സമുദായത്തിന്റെ പരിപാടിയിലാണ് പ്രഖ്യാപനം ഉണ്ടായത്.
സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഒളിച്ചോടി വിവാഹം ചെയ്യുന്നത് വര്‍ധിക്കുകയാണെന്നും ഇതിന് പരിഹാരം കാണാൻ കമീഷനെ നിയമിക്കണമെന്നും കൃഷിമന്ത്രി റുഷികേശ് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു ചില ഹിന്ദു സമുദായങ്ങളും പ്രണയവിവാഹം തടയാൻ നിയമനിര്‍മാണം ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹിന്ദു പെണ്‍കുട്ടികളെ ഒളിച്ചോടി വിവാഹം കഴിക്കാൻ ഇതര മതസ്ഥരായ ആണ്‍കുട്ടികള്‍ നിര്‍ബന്ധിക്കുകയാണെന്ന് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ആരോപിച്ചിരുന്നു. മാര്‍ച്ചില്‍ ഇതേ വിഷയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസും ബിജെപിക്ക് പിന്തുണ അറിയിച്ചിരുന്നു. പെണ്‍കുട്ടികളെ ‘അപകടങ്ങളില്‍നിന്ന് രക്ഷിക്കാൻ’ നിയമനിര്‍മാണം വേണമെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ ഗെനി താക്കൂറിന്റെ നിലപാട്.