ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന വകുപ്പ് പുനഃസ്ഥാപിക്കാനാകില്ല; ഗുലാം നബി ആസാദ്
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന വകുപ്പ് പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഗുലാം നബി ആസാദ്. ഭരണഘടനയിലെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ വകുപ്പിന്റെ പേരില്‍ കാശ്മീരിലെ ജനത്തെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് കാശ്മീര്‍ വിഷയത്തില്‍ ആസാദ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
രാഷ്ട്രീയ ചൂഷണം കൊണ്ടു മാത്രം കശ്മീരില്‍ ഇതിനകം ഒരു ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ അനാഥരാക്കപ്പെട്ടു. തെറ്റിദ്ധരിപ്പിച്ചും ചൂഷണം ചെയ്തും ഞാന്‍ ആരോടും വോട്ടു ചോദിക്കില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചാല്‍ പോലും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറയൂവെന്നും ആസാദ് വ്യക്തമാക്കി.
10 ദിവസത്തിനുള്ളില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഞങ്ങള്‍ പ്രഖ്യാപിക്കും. കശ്മീരില്‍ സമാധാനം പുലരാനും കശ്മീരികള്‍ക്ക് ജോലി ഉറപ്പാക്കാനും ഭൂമി ലഭ്യമാക്കാനും എനിക്ക് നിങ്ങളുടെ പിന്തുണ കൂടിയേ തീരൂവെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു. രണ്ടു വര്‍ഷം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ കാശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത്.