”സ്ത്രീകളെ ശുദ്ധീകരിക്കാൻ” വേണ്ടി ബലാൽസംഗം ചെയ്ത ഗുർമീത് റാമിന് 15 തവണ പരോൾ; അഞ്ച് വർഷമായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യമില്ല
ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച സുപ്രീംകോടതി നടപടിയെ വിമർശിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകകർ.
കൊലപാതകവും ബലാത്സംഗവുമടക്കമുള്ള കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാമിന് 14 തവണ ജാമ്യം നൽകിയിരുന്നു. എന്നാൽ അഞ്ച് വർഷത്തിലേറെയായി വിചാരണ പോലും ആരംഭിക്കാത്ത കേസിൽ ഉമർ ഖാലിദിന് സുപ്രീംകോടതി ജാമ്യം നിഷേധിക്കുകയും ചെയ്യുന്നു. ഇതാണ് ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ബലാത്സംഗ, കൊലക്കേസ് പ്രതിയും ദേരാ സച്ചാ സൗദാ തലവനുമായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് ഇപ്പോൾ വീണ്ടും നാല്പത് ദിവസത്തെ പരോളാണ് ലഭിച്ചിരിക്കുന്നത്. 2017 ല്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഗുര്‍മീതിന് ലഭിക്കുന്ന 15-ാം പരോളാണിത്. കഴിഞ്ഞ വര്‍ഷവും ഇയാള്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. ദേരാ സച്ചാ സൗദ സംഘടനയുടെ സിര്‍സിലെ ആസ്ഥാനത്തായിരിക്കും ഗുര്‍മീത് പരോള്‍ കാലാവധി ചെലവഴിക്കുക. ബലാത്സംഗക്കേസിലും കൊലക്കേസിലും ശിക്ഷിക്കപ്പെട്ട ശേഷം നിലവിൽ ഹരിയാനയിലെ റോഹ്ത്തക്കിലെ സുനാരിയ ജയിലിലാണ് ഗുർമീത് കഴിയുന്നത്.
2025 ല്‍ ഗുര്‍മീതിന് മൂന്ന് തവണയാണ് പരോള്‍ ലഭിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയില്‍ 30 ദിവസത്തെ പരോളായിരുന്നു ലഭിച്ചത്. അതിന് ശേഷം ഏപ്രിലില്‍ 21 ദിവസത്തെയും ഓഗസ്റ്റില്‍ 40 ദിവസത്തെയും പരോള്‍ ലഭിച്ച് ഇയാള്‍ പുറത്തിറങ്ങി. ഗുര്‍മീതിന് പലപ്പോഴും പരോള്‍ അനുവദിച്ചത് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു എന്നതാണ് ശ്രദ്ധേയം.
ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് പറഞ്ഞായിരുന്നു ഇയാളുടെ അതിക്രമങ്ങൾ. ആശ്രമത്തിലെ അന്തേവാസികളായ നിരവധി സ്ത്രീകളെ ഇയാള്‍ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. ഇത് കൂടാതെ ഒട്ടേറെ കൊലപാതക കേസുകളിലും പ്രതിയാണ് ഈ ആൾദൈവം.
ഗുര്‍മീതിന് തുടര്‍ച്ചയായി പരോള്‍ ലഭിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപിയും രംഗത്തെത്തി. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശനം ഉന്നയിച്ചത്. ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ടുവെന്നും യുഎപിഎ ചുമത്തി അഞ്ച് വര്‍ഷമായി അദ്ദേഹത്തെ ജയിലിലിട്ടിരിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
അതേസമയം ബലാത്സംഗ, കൊലക്കേസ് പ്രതിയായ ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍ ലഭിച്ചിരിക്കുകയാണ്. ഒരാള്‍ വിചാരണ പോലുമില്ലാതെ ദുരിതമനുഭവിക്കുമ്പോള്‍ മറ്റൊള്‍ ജയില്‍ ജീവിതം ആസ്വദിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
അതേസമയം ഡൽഹി കലാപത്തിലെ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഉമർ ഖാലിദ് അറിയിച്ചിട്ടുണ്ട്. . ഈ തടവറയാണ് തന്റെ ജീവിതം എന്നും, ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേർക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം എന്നുമാണ് ഉമർ ഖാലിദ് പ്രതികരിച്ചത്. ഉമറിന്റെ പങ്കാളി ബൻജ്യോസ്ന ലാഹിരിയാണ് ഉമർ ഖാലിദിന്റെ ഈ പ്രതികരണം എക്സിലൂടെ പങ്കുവെച്ചത്.
സുപ്രീംകോടതിയാണ് ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചത്. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്. മറ്റുള്ളവർക്ക് ജാമ്യം നല്കിയപ്പോളും, ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും എതിരായ കുറ്റം വ്യത്യസ്തമാണന്നും കോടതി പറഞ്ഞു. ഓരോ പ്രതികളുടെയും വാദം പ്രത്യേകമായി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി. സുപ്രീം കോടതി ജഡ്ജിമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ശിഫാ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശദാബ് അഹ്മദ് അടക്കമുള്ളവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വർഷത്തിന് ശേഷം ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്, ഡിസംബർ 11ന് ഡൽഹിയിലെ കർക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുത് ,എന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഉമർ ഖാലിദിന് അന്ന് ഇടക്കാല ജാമ്യം അനുവദിച്ചത്. അതൊഴിച്ചാൽ ഏതാണ്ട് അഞ്ചര വർഷമായി, വിചാരണ പോലും തുടങ്ങാതെ, ഉമർ ഖാലിദ് ജയിലിലാണ്













