ധർമ്മസ്ഥലയിൽ വീണ്ടും തെരച്ചിൽ നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി; ഇന്നലെ കിട്ടിയത് 5 തലയോട്ടികളും 100 അസ്ഥികളും

വീണ്ടും ദുരൂഹത വിട്ടൊഴിയാതെ നിൽക്കുകയാണ് കർണാടകയിലെ ധർമസ്ഥല. ബിജെപി അനുകൂല ചാനലുകൾ ഇതൊരു വ്യാജ ആരോപണം ആളാണെന്ന് പറഞ്ഞ് പുശ്ചിച്ച് തള്ളിയപ്പോളും, കൂടുതൽ അസ്ഥികൂടങ്ങൾ അവിടെ നിന്നും പുറത്ത് വരുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ അഞ്ച് തലയോട്ടികളും നൂറ് എല്ലുകളുമാണ് ധർമസ്ഥലയ്ക്കടുത്ത ബംഗളഗുഡെയിൽനിന്നും കണ്ടെത്തിയതെന്നാണ് വിവരം. വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയ്യുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. ധര്‍മ്മസ്ഥലയില്‍ നേരത്തെ ഭൂമി കുഴിച്ചുളള പരിശോധനകള്‍ നിര്‍ത്തി വച്ചതായിരുന്നു.
ഇതിനുപിന്നാലെ കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ചിന്നയ്യ വനമേഖലയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് കണ്ടെന്നായിരുന്നു അവരുടെ വാദം. ഇതോടെയാണ് കര്‍ണാടക ഹൈക്കോടതി നേരിട്ട് ഇടപെട്ട് വനമേഖലയില്‍ വീണ്ടും പരിശോധനയ്ക്ക് ഉത്തരവിട്ടത്.
15 ഏക്കറുളള വനമേഖലയിലാണ് ഇന്നലെ വീണ്ടും പരിശോധന ആരംഭിച്ചത്. അസ്ഥി കഷ്ണങ്ങളെ കൂടാതെ ഇവിടെ നിന്ന് സാരി, മരക്കൊമ്പില്‍ കെട്ടിയിട്ട നിലയിലുളള കയര്‍, ഒരു സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ്, ഒരു വാക്കിങ് സ്റ്റിക്ക്, വിഷം നിറച്ച കുപ്പി എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫീസറുടേയും സാന്നിധ്യത്തിലായിരുന്നു പരിശോധന. അതേസമയം ലഭിച്ച അസ്ഥികൂടങ്ങൾ മനുഷ്യന്റേത് തന്നെയാണോ എന്നതിൽ വ്യക്തതയില്ല. ലഭിച്ച അസ്ഥി ഭാഗങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചതായി പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
ശുചീകരണ തൊഴിലാളി ആയിരുന്ന ചിന്നയ്യയ്യുടെ വെളിപ്പെടുത്തലിന് പിന്നാലെ ധര്‍മ്മസ്ഥലയില്‍ നിന്ന് ഒരു മനുഷ്യന്റെ പൂര്‍ണ അസ്ഥികൂടവും 100 ഓളം അസ്ഥി ഭാഗങ്ങളും പരിശോധനാ സംഘം കണ്ടെടുത്തിരുന്നു. ഇയാള്‍ അടയാളപ്പെടുത്തി നല്കിയ 13 പോയിന്റുകളില്‍ 11 ഇടത്തുനിന്നും പുതുതായി കാണിച്ചു കൊടുത്ത സ്ഥലത്തു നിന്നുമാണ് ഏഴു ദിവസത്തിനിടെ ഇവ കണ്ടെടുത്തത്.
‘സര്‍പ്രൈസ് സ്പോട്ട്’ എന്ന് അന്വേഷണ സംഘം വിശേഷിപ്പിച്ച നേത്രാവതിക്ക് സമീപമുള്ള ബങ്കലെഗുഡെയിലെ കുന്നിന് മുകളില്‍ നിന്നാണ് പൂര്‍ണ അസ്ഥികൂടവും കൂടുതല്‍ അസ്ഥികളും കണ്ടെത്തിയത്. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി ഇവിടെ തിരച്ചിൽ തുടരുമെന്ന് അന്വേഷണ സംഘം പറയുന്നു.
ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യയെ ആഗസ്റ്റ് 23നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
1995-2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്ക് വഴങ്ങി ധർമസ്ഥലയിലെ വിവിധ ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു ചിന്നയ്യയുടെ ആദ്യത്തെ വെളിപ്പെടുത്തൽ.
എന്തായാലും ധര്‍മ്മസ്ഥലയിലെ ബങ്കലെഗുഡെ വനമേഖലയില്‍ ഇനിയും കൂടുതൽ തെരച്ചിലുകൾ നടത്താനാണ് നീക്കം. എത്രയൊക്കെ അസ്ഥികൾ കിട്ടിയിട്ടും ഇതൊക്കെ എങ്ങനെ അവിടെ വന്നുവെന്ന കാര്യം അന്വേഷിക്കാൻ ഭരിക്കുന്നവർക്കോ , പ്രതിപക്ഷത്തിന് പോലുമോ യാതൊരു താൽപ്പര്യവുമില്ല. ധർമ്മസ്ഥലയിലെ കിരീടം വെക്കാത്ത രാജാവായ വീരേന്ദ്ര ഹെഗ്ഡെയെ ഇരു പക്ഷവും അത്രത്തോളം ഭയപ്പെടുകയോ, അല്ലെങ്കിൽ ബഹുമാനിക്കുകയോ ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം.
എന്തായാലും ഇപ്പോൾ കർണ്ണാടക ഹൈക്കോടതി നേരിട്ട് ഇടപെട്ട്, അന്വേഷിക്കാൻ പറഞ്ഞതിലൂടെ കൂടുതൽ അസ്ഥികൂടങ്ങളും, അതോടൊപ്പം സത്യങ്ങളും മറ നീക്കി പുറത്ത് വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.