സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി നിറവില്‍ ഇന്ത്യ; പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി
എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷ നിറവില്‍ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിവസമാണ്. 75 വര്‍ഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. സ്വാതന്ത്ര്യത്തിന് ജീവന് നല്‍കിയവരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണ്. നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്തെ സംബന്ധിച്ച് അടുത്ത 25 വര്‍ഷം നിര്‍ണായകമാണ്. പ്രധാനമായും അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വികസിത ഇന്ത്യയാവണം നമ്മുടെ ലക്ഷ്യം. അടിമത്തത്തെ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ കഴിയണം. നമ്മുടെ പാരമ്പര്യത്തില്‍ നാം അഭിമാനം കൊള്ളണം. രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നില്‍ക്കണം. ഓരോരുത്തരും അവനവന്റെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മോദി പറഞ്ഞു.
രാവിലെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ഈ സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്നേഹിക്കുന്നവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കേണ്ട ദിവസമാണിതെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം ഒന്‍പതാം തവണയാണ് മോദി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Content Highlights – India is celebrating its Diamond Jubilee of Independence