രാഹുൽ വന്നൂ.. കോൺഗ്രസിലേക്ക് ഒഴുകിയെത്തി നേതാക്കൾ
ജമ്മു- കശ്മീരില്‍ നിന്നുളള ഇരുപതിലധികം നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് വിട്ട് ഗുലാം നബി ആസാദ് രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടിയില്‍ നിന്നാണ് കൂടുതല്‍ നേതാക്കളും ഇപ്പോൾ രാജി വെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.മുന്‍ മന്ത്രിയും രണ്ട് തവണ എംഎല്‍എയും ജമ്മു കശ്മീരിലെ ആം ആദ്മി പാര്‍ട്ടി നേതാവുമായ യശ്പാല്‍ കുന്തല്, ആസാദിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ജെകെപിസിസി വൈസ് പ്രസിഡണ്ട് ഹാജി അബ്ദുള്‍ റാഷിദ് ദര് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാക്കളുടെ കൂട്ടത്തിലുണ്ട്. ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് തിരികെ എത്തിയ നേതാക്കള്‍- നരേഷ് കെ ഗുപ്ത, ഷാം ലാല്‍ ഭഗത്, സൈമ ജാന്‍, ഷാജഹാന് ദര്, തരണ്‍ജിത്ത് സിംഗ് ടോണി, ഗസന്‍ഫര്‍ അലി, സന്തോഷ് മജോത്ര, രജനി ശര്‍മ, നിര്‍മല്‍ സിംഗ് മെഹ്ത, നസീര്‍ അഹമ്മദ് ഓഖബ്, മഹേശ്വര് വിശ്വകര്‍മ, ജുംഗ് ബഹാദൂര്‍ ശര്‍മ എന്നിവരാണ്.
അപ്നി പാര്‍ട്ടിയില്‍ നിന്ന് നമ്രത ശര്‍മ, മദന്‍ ലാല്‍ ഛലോത്ര എന്നിവരും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഫറൂഖ് അഹമ്മദ്, വൈദ് രാജ് ശര്‍മ, മന്ദീപ് ചൗധരി എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഖാര്‍ഗെയ്ക്ക് ഒപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എഐസിസി അംഗം രജനി പാട്ടീല്‍, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാര്‍ റസൂല്‍ വാനി എന്നിവരും കോണ്‍ഗ്രസിലേക്ക് എത്തിയ നേതാക്കളെ സ്വീകരിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ അടിത്തട്ടിലെ സാഹചര്യങ്ങളെ കുറിച്ച് ബോധമില്ലാത്തവരാണ് എന്ന് ഗുലാം നബി ആസാദ് പറഞ്ഞത് അദ്ദേഹത്തിന്റെ ഡിഎന്‍എയിലുണ്ടായ മാറ്റത്തിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു
മുതിർന്ന നേതാവായ ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പാർട്ടിയിലേക്ക് കോൺഗ്രസിൽ നിന്നും നേതാക്കൾ ഒഴുകുകയായിരുന്നു. മുൻ ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ള 19 പ്രമുഖ നേതാക്കളായിരുന്നു കോൺഗ്രസിനെ ഞെട്ടിച്ച് അന്ന് രാജിവെച്ച് ആസാദിനൊപ്പം ചേർന്നത്. നിയമസഭ തിരഞ്ഞെടുപ്പ് അടക്കവെ കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ തനിക്കൊപ്പം ചേരുമെന്നും അന്ന്ആസാദ് അവകാശപ്പെട്ടിരുന്നു.
എന്നാൽ അന്ന് പാർട്ടി വിട്ട് ഒരു മാസം തികയും മുൻപ് രാജിവെച്ച 19 പേരും കോൺഗ്രസിലേക്ക് മടങ്ങിയെത്തിയിരുന്ന. കോൺഗ്രസ് വിടാനുള്ള തീരുമാനം ജീവിതത്തിലെ വലിയ മണ്ടത്തരമായി പോയെന്നാണ് നേതാക്കൾ മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിച്ചത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര കാശ്മിരിലേക്ക് പ്രവേശിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു പാർട്ടിക്ക് വമ്പൻ ബൂസ്റ്റ് നൽകി നേതാക്കൾ അന്ന് മടങ്ങിയെത്തിയത്. കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്,മുൻ മന്ത്രിമാരായ പിർസാദ മുഹമ്മദ് സയിദ്, മനോഹർ ലാൽ, ബൽവാൻ സിംഗ്, എം എൽ മാരടക്കം 19 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
പാർട്ടി വിട്ടവർ തിരികെ തറവാട്ടിൽ എത്തിയിരിക്കുകയാണെന്നും ഇത് സന്തോഷത്തിന്റെ നിമിഷമാണെന്നും കെസി വേണുഗോപാൽ അന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. ചില തെറ്റിധാരണകളുടെ പേരിലാണ് നേതാക്കൾ രാജിവെച്ചത്. അവർ ഇപ്പോൾ മടങ്ങയെത്തിയിരിക്കുന്നു. രണ്ട് മാസത്തെ അവധിയിലായിരുന്നു നേതാക്കൾ എന്ന് കരുതിയാൽ മതി. അവർ അവരുടെ അവധി കഴിഞ്ഞ് അവർ തിരിച്ചെത്തി’,കെ സി പറഞ്ഞു.
അതേസമയം കോൺഗ്രസ് വിടാനുണ്ടായ തീരുമാനം ജീവിതത്തിലെ വലിയ മണ്ടത്തരമായി പോയെന്ന് താരാചന്ദ് പറഞ്ഞു. ‘ഞങ്ങളുടെ ജീവിതം മുഴുവൻ കോൺഗ്രസിന് വേണ്ടിയാണ് ഞങ്ങൾ ചെലവഴിച്ചത്. എന്നാൽ ചില വികാരങ്ങളുടെ പുറത്ത് , ഒരു തെറ്റായ ചുവടുവെപ്പ് എടുക്കേണ്ട സാഹചര്യം ഞങ്ങൾക്കുണ്ടായി. തെറ്റായ തീരുമാനമായിരുന്നു. എന്നെപ്പോലൊരു പാവപ്പെട്ട ഒരാൾക്ക് ഒരു ഐഡന്റിറ്റി നൽകിയ പാർട്ടിയാണ് കോൺഗ്രസ്. എന്നെ എംഎൽഎ ആയും, പ്രതിപക്ഷ നേതാവായും, നിയമസഭാ സ്പീക്കറായും, ഡെപ്യൂട്ടി സ്പീക്കറായും നിയമിച്ച പാർട്ടിയാണ്. വികാര തള്ളിച്ചയിലും സൗഹൃദത്തിന്റെ സ്വാധീനത്താലും ചെയ്ത് പോയ തെറ്റാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു അതെന്ന് തിരിച്ചറിയുന്നു’, എന്നാണ് താരാ ചന്ദ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്.