ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും തീവ്ര ഹിന്ദുത്വവാദികൾ ചുട്ടുകൊന്നിട്ട് 27 വർഷങ്ങൾ; ആക്രമണം ആസൂത്രണം ചെയ്തയാൾ പിന്നീട് കേന്ദ്ര മന്ത്രിയായി
മിഷണറി പ്രവർത്തകൻ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും തീവ്ര ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നിട്ട് ജനുവരി 23ന് 27 വർഷം തികയുകയാണ്. 1999ൽ ഒഡീഷയിലെ കിയോഞ്ച്ഹാർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലാണ് ഇന്ത്യയെ നടുക്കിയ ഈ കുറ്റകൃത്യം അരങ്ങേറിയത്. അമ്പത്തെട്ടുകാരനായ സ്റ്റെയിൻസിനെയും പത്തും ഏഴും വയസുള്ള ആൺമക്കളെയുമാണ് ചുട്ടെരിച്ചത്.
അന്ന് ആക്രമികളെ നയിച്ച ധാരാസിങ്ങിനെ വീരനായകനെപ്പൊലെയാണ് സംഘപരിവാറുകാർ ആഘോഷിച്ചത്. ധാരാ സിങ്ങിനെ വധശിക്ഷയ്ക്കുവിധിച്ചെങ്കിലും ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി.
1965ൽ ഇന്ത്യയിലേക്കുവന്ന സ്റ്റെയിൻസ് കുഷ്ഠരോഗ നിവാരണത്തിനായി ജീവിതമുഴിഞ്ഞുവച്ച വ്യക്തിയായിരുന്നു. ഭർത്താവിന്റെ ദൗത്യം ഏറ്റെടുത്ത ഗ്ലാഡിസ് ഏറെക്കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. 2005ൽ രാജ്യം ഇവരെ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു.
അന്ന് ദാരാസിങ് എന്ന രെബീന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ കുന്തം, വടി, തോക്ക്, പെട്രോൾ എന്നിവയുമായി അമ്പതോളം പേർ ഗ്രഹാം സ്റ്റെയിന്‍സിന്റെ വാഹനത്തെ വളഞ്ഞു. കല്ലെറിഞ്ഞു ആ വാഹനം തകർത്തു. അതിലുണ്ടായിരുന്നവരെ കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് അഗ്നിക്ക് ഇരയാക്കി. സ്റ്റെയിന്‍സിന്റെ മക്കളായ പത്തുവയസ്സുകാരന് ഫിലിപ്പും ആറു വയസ്സുള്ള തിമോത്തിയും അതിലുണ്ടായിരുന്നു.
ഗ്രഹാം തന്റെ പിഞ്ചോമനകളെ കെട്ടിപിടിച്ചു. അങ്ങനെ ആ തീയിൽ അവർ മൂന്ന് പേരും കത്തിയമർന്നു കരിക്കഷണമായി മാറി. ഗ്രാഹാമിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ സൂത്രാധാരകനും പ്രതിയുമായ പ്രതാപ് ചന്ദ്ര സാരംഗി പിന്നീട് ബിജെപി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി. പ്രതികളെ പലരെയും അയാൾ പരോളിൽ പുറത്തിറക്കുകയും ചെയ്തു.
ഗ്രഹാമിൻ്റെ കൊലപാതകത്തിൽ ഗ്ലാഡീസിൻ്റെ പ്രതികരണമാണ് യഥാർത്ഥ മാനവികതയുടെ സന്ദേശം” എൻ്റെ ഭർത്താവിൻ്റെ ഘാതകരോട് ഞാൻ പൂർണ്ണമായി ക്ഷമിച്ചു, എനിക്ക് ആരോടും പരിഭവം ഇല്ല, അവർ ദൈവ സ്നേഹം അനുഭവിക്കട്ടെ.” എന്നാണ് ഗ്ലാഡിസ് പറഞ്ഞത്.
ഭർത്താവിന്റെ മരണശേഷം ഗ്ലാഡിസ് മയൂർഭഞ്ച് വിട്ടുപോകാതെ ഇന്ത്യയിൽ തുടർന്നു.
2005 ൽ അവർക്ക് പത്മശ്രീ ലഭിച്ചു. ആ പണം കൊണ്ട് അവർ പരിപാലിച്ചു വന്നിരുന്ന കുഷ്ഠ രോഗാലയം ഒരാശുപത്രിയാക്കി മാറ്റി. 2015 ൽ സാമൂഹ്യനീതിക്കായുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ചു.
ശ്രീ. ഒ വി വിജയൻ ന്യൂഡൽഹിയിൽ സംഭവത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ് “ആർക്കും തൊട്ടുകൂടാത്ത നിത്യ രോഗികളുടെ മുറിവുകൾ കഴുകി തുടയ്ക്കാൻ എൻ്റെ നാട്ടിലേക്ക് വന്ന പ്രിയങ്കരനായ സ്റ്റെയിൻസ്, ദൈവപുത്രൻ്റെ മാപ്പ് താങ്കൾ എനിക്ക് തരുമെന്ന് ഞാൻ അറിയുന്നു. അത് വാങ്ങാൻ ഞാൻ അർഹനാണ്. എൻ്റെ നാടിൻ്റെ പതാക പാതി മരത്തിൽ കിടക്കട്ടെ.”
ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി മഹേന്ദ്ര ഹെംബ്രാമിന് 25 വർഷത്തിനു ശേഷം കഴിഞ്ഞ കൊല്ലം ജയിൽ മോചനം ലഭിച്ചിരുന്നു. ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പേരിൽ ഒഡീഷയിലെ ബിജെപി സർക്കാർ അമ്പതുകാരനായ ഹെംബ്രാമിനെ വിട്ടയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
പുറത്തിറങ്ങിയ ഹെംബ്രാമിനെ വിഎച്ച്പി പ്രവർത്തകർ ഹാരമണിയിച്ചാണ് സ്വീകരിച്ചത്.
സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസും മകൾ എസ്തറും മറ്റൊരിടത്തായതിനാൽ രക്ഷപെട്ടു.
എസ്തർ ഇപ്പോൾ ഒരു ഡോക്ടർ ആയി ജോലി ചെയ്യുകയാണ്. എങ്കിലും അവർ ഇന്ത്യയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ല. ഇടക്കിടെ അവർ ഇന്ത്യ സന്ദർശിക്കാറുണ്ട്.
ആദിവാസികളെ കൂട്ടമതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ 14 പ്രതികളുണ്ടായിരുന്നെങ്കിലും ധാരാസിങ്ങും ഹെംബ്രാമും മാത്രമാണു ശിക്ഷിക്കപ്പെട്ടത്. ധാര സിങ് ഇപ്പോളും ജയിൽവാസം അനുഷ്ഠിക്കുകയാണ്.












