മയക്കുമരുന്നിലും പബ്ജി ഗെയിമിലും നശിക്കുന്ന യുവാക്കൾക്ക് ഇത്തരം പരിഷ്കാരങ്ങൾ ആവശ്യം; അഗ്നിപഥിനെ പിന്തുണച്ച് കങ്കണ റണൗത്ത്
കേന്ദ്രസർക്കാരിൻ്റെ ഹ്രസ്വകാല സൈനികസേവനപദ്ധതിയായ അഗ്നിപഥിനെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. സൈനിക സേവനം എന്നത് വെറും പണമുണ്ടാക്കാനുള്ള ജോലി മാത്രമല്ലെന്നും അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ടെന്നും കങ്കണ അഭിപ്രായപ്പെട്ടു. മയക്കു മരുന്നിനും പബ്ജി ഗെയിമിനും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താൻ ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും കങ്കണ അഭിപ്രായപ്പെട്ടു.
“പഴയ കാലത്ത് എല്ലാവരും ഗുരുകുലത്തിൽ പോയിരുന്നു. മയക്കുമരുന്നിലും പബ്ജി ഗെയിമിലും നശിക്കുന്ന വലിയൊരു ശതമാനം യുവാക്കൾക്ക് ഇത്തരം പരിഷ്കാരങ്ങൾ ആവശ്യമാണ്. ഇതിന് തുടക്കം കുറിച്ചതിന് സർക്കാരിനെ അഭിനന്ദിക്കുന്നു,” കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
പദ്ധതിയ്ക്കെതിരെ രാജ്യവ്യാപകമായി യുവാക്കളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് കങ്കണയുടെ പ്രസ്താവന. അഗ്നിപഥ് സൈന്യത്തിലേക്കുള്ള സ്ഥിരനിയമന സാധ്യതകളെ ബാധിക്കുമെന്നാരോപിച്ചാണ് പ്രതിഷേധങ്ങൾ.
ഇസ്രായേലുൾപ്പെടെ നിരവധി രാജ്യങ്ങൾ യുവാക്കൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് അച്ചടക്കവും ദേശസ്നേഹവും പോലുള്ള ജീവിത മൂല്യങ്ങൾ പഠിക്കാനായിരുന്നു സൈന്യത്തിൽ ചേർന്നിരുന്നത്. ഒപ്പം അതിർത്തി സുരക്ഷയ്ക്കും. തൊഴിൽ നേടുന്നതിനും പണമുണ്ടാക്കുന്നതിനുമപ്പുറം അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ടെന്നും കങ്കണയുടെ കുറിപ്പിൽ പറയുന്നു.