യുദ്ധവിജയത്തിന്റെ ഓർമ പുതുക്കി ഇന്ന് കാർഗിൽ വിജയ് ദിവസ്
ഇന്ന് കർഗിൽ വിജയ് ദിവസ്. കാര്‍ഗിലിലെ ഐതിഹാസിക വിജയത്തിന് 23 വയസ്. കാര്‍ഗില്‍ വിജയം ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷം കൂടിയാണ്. 1999 മെയ് എട്ട് മുതല്‍ ജൂലൈ 26 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ തലയുയർത്തിപ്പിടിച്ച് എതിരാളികളെ നേരിട്ട ഇന്ത്യന്‍ സൈന്യം വിജയം നേടിയ ദിവസം.
1999ല്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളുടെ നിയന്ത്രണം ഇന്ത്യന്‍ സേന പിടിച്ചെടുത്ത ഓപ്പറേഷന് വിജയിന്റെ ഓര്മ പുതുക്കലാണ് കാര്‍ഗില്‍ വിജയ് ദിവസ്. കാര്‍ഗില്‍ പോരാട്ടത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ഓര്‍മ്മദിവസം.കാര്‍ഗിലിലെ തണുത്തുറഞ്ഞ മലനിരകളില്‍ പാക്കിസ്ഥാനെതിരെ 60 ദിവസത്തോളം നീണ്ടുനിന്ന യുദ്ധത്തില്‍ 527 സൈനികരെ ഇന്ത്യന്‍ സേനയ്ക്ക് നഷ്ടമാവുകയും 1300 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നാടോടികളായ ഇടയന്മാര് അതിർത്തിയിലെ നുഴഞ്ഞുകയറ്റക്കാരെ സംബന്ധിച്ച് ഇന്ത്യന്‍ സൈന്യത്തിന് വിവരം നല്‍കിയതോടെയാണ് കാര്‍ഗില്‍ യുദ്ധത്തിന് തുടക്കമാവുന്നത്.പാക്ക് സൈന്യത്തിന്റെ സഹായത്തോടെയാണ് നുഴഞ്ഞുകയറ്റക്കാര്‍ അതിര്‍ത്തി കടന്നെത്തിയത്.ഇന്ത്യക്കാരല്ലാത്ത ആളുകളുടെ സാന്നിധ്യം മലനിരകളിലുണ്ടെന്ന് ഇടയന്മാര് സൈന്യത്തെ അറിയിക്കുകയായിരുന്നു.ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തിലുളള അഞ്ചംഗസംഘം പട്രോളിങ്ങിനിറങ്ങി.
എന്നാല്‍ ഇവര്‍ മടങ്ങിയെത്താതെ വന്നതോടെ ഓപ്പറേഷന് വിജയ് എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം നീക്കം ആരംഭിച്ചു. ഇതോടെ കാർഗിൽ യുദ്ധമുഖമായി. മലനിരകളിലെ പ്രധാന ഇടങ്ങളായ കാര്‍ഗില്‍,ദ്രാസ്,ബതാലിക് എന്നിവിടങ്ങളില്‍ നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ മലമുകളിലെ ആക്രമണത്തെ ഇന്ത്യന്‍ സൈന്യം അതിശക്തമായി നേരിട്ടു. വ്യോമസേനയുടെ കരുത്തായ മിഗ് , മിറാഷ് യുദ്ധവിമാനങ്ങള്‍ ആകാശത്ത് നിന്നും തീ തുപ്പിയപ്പോള്‍, വിദേശനിര്‍മ്മിത ബൊഫോഴ്സ് ഗണ്ണുകള്‍ ഉപയോഗിച്ച് താഴ്വരയില് നിന്ന് സൈന്യം കടന്നാക്രമണം നടത്തുകയും ചെയ്തു.
മൂന്ന് മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ പാകിസ്ഥാന് പട്ടാളത്തെയും വിമതസേനകളെയും പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം കാര്‍ഗിലില്‍ ദേശീയപതാക ഉയര്‍ത്തി.കാര്‍ഗിലില്‍ ഇന്ത്യയുടെ ധീരജവാന്മാര് നടത്തിയ ത്യാഗോജ്ജലമായ പോരാട്ടത്തിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍,ധീരസൈനികരുടെ സംഭാവനകള്‍ക്ക് മുന്പില് രാജ്യത്തിന്റെ പ്രണാമം
Content Highlights: Kargil Vijay divas war victory day