മഹാരാഷ്ട്ര മന്ത്രിസഭ: ബി ജെ പിക്ക് 25 അംഗങ്ങള്‍, ഷിന്‍ഡെ പക്ഷത്തിന് 13

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച് ധാരണയായി. മന്ത്രിസഭയില്‍ 45 അംഗങ്ങളുണ്ടാവുമെന്നാണ് സൂചന. ഇതില്‍ 25 പേർ ബി ജെ പി അംഗങ്ങളും 13 പേർ ഷിൻഡെ ക്യാമ്പിൽ നിന്നുള്ളവരുമായിരിക്കും. ബാക്കിയുള്ള ഏഴുമന്ത്രിസ്ഥാനങ്ങള് സ്വതന്ത്രന്മാര്ക്ക് നല്‍കുമെന്നാണ് ദേശീയ മാധ്യമങ്ങൽ പറയുന്നത്.
പുതിയ സര്‍ക്കാരില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെ ബാക്കിയുള്ളവര്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് വിവരം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്ത് അവതരിപ്പിക്കുന്നത് എന്നാണ് ബി.ജെ.പി വിശദീകരിക്കുന്നത്. ശിവസേനാ എം.എല്‍.എമാരുടെ അയോഗ്യതാ വിഷയവുമായി ബന്ധപ്പെട്ട് ജൂലൈ 11-ന് സുപ്രീം കോടതിവിധി വന്നതിനു ശേഷമായിരിക്കും മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.
ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരുകൂട്ടം എം.എല്‍.എമാര്‍ നടത്തിയ വിമത കലാപത്തിന്റെ ഫലമായാണ് മഹാവികാസ് അഘാടി സര്‍ക്കാര്‍ താഴെവീണത്. പിന്നീട് ബി.ജെ.പിയും ഏക്നാഥ് ഷിന്ദേ ക്യാമ്പും ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ജൂണ്‍ 30-ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Content Highlight: Maharashtra, BJP, Eknath Shinde