കാളീദേവി പോസ്റ്റർ വിവാദം; തൃണമൂൽ കോൺഗ്രസിന്റെ പേജ് അൺഫോളോ ചെയ്ത് മെഹുവ മൊയ്ത്ര
കാളീ ദേവിയുടെ പോസ്റ്ററിനെ ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്ത് എം പി മഹുവാ മോയിത്ര. കഴിഞ്ഞദിവസം ഒരു പൊതുപരിപാടിക്കിടെ കാളീദേവിയെ കുറിച്ച് മഹുവ നടത്തിയ പരാമര്‍ശത്തിൽ പാര്‍ട്ടി നേതൃത്വം അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത് അവര്‍ നിർത്തിയത്.
ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയിലാണ് ലീനാ മണിമേഖലയുടെ ഡോക്യുമെന്ററിയുടെ പോസ്റ്ററില്‍ നൽകിയിട്ടുള്ള കാളീദേവിയുടെ ചിത്രത്തെ കുറിച്ച് മഹുവയോട് അഭിപ്രായം ചോദിച്ചത്.. കാളിയെന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം മാംസഭുക്കായ, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്നായിരുന്നു എന്നാണ് മെഹുവ പറഞ്ഞത്.
സിക്കിമില്‍ ചെന്നാല്‍, കാളീദേവിക്ക് മദ്യം നിവേദ്യമായി നേദിക്കുന്നത് കാണാം. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ചെന്ന് ദേവിക്ക് പ്രസാദമായി മദ്യം നൽകുന്നുവെന്ന് പറഞ്ഞാല്‍ അവര്‍ ഈശ്വരനിന്ദയെന്ന് കുറ്റപ്പെടുത്തുമെന്ന് മഹുവ പറഞ്ഞിരുന്നു.
മഹുവയുടെ പരാമര്‍ശത്തെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. മഹുവ നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും അതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ഇത്തരം അഭിപ്രായപ്രകടനങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നെന്നും പാര്‍ട്ടി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ പേജ് മഹുവ അൺഫോളോ ചെയ്തത്. നിലവിൽ ഇവർ പിന്തുടരുന്ന ഏക ട്വിറ്റര്‍ അക്കൗണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സണും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടേത് മാത്രമാണ്.
Content Highlights: Mahua Moitra unfollows TMC official twitter account