പാർഥ ചാറ്റർജിയുടെ അറസ്റ്റ്, ആദ്യമായി പ്രതികരിച്ച് മമതാ ബാനർജി; ‘അഴിമതിയും അനീതിയും വെച്ചു പൊറുപ്പിക്കില്ല’
ഒരു തരത്തിലുള്ള അഴിമതിയെയും അനീതിയെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി പശ്മിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോൺഗ്രസിന്റെ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിന് രണ്ട് ദിവസത്തിന് ശേഷമാണ് മമത വിഷയത്തില്‍ പ്രതികരിക്കുന്നത്. ബാഹ്യഏജന്സികളെ ഉപയോഗപ്പെടുത്തി തൃണമൂലിനെ പിളര്‍ത്താനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെങ്കില്‍ അത് വെറും തെറ്റിധാരണയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
സ്കൂളുകളിലെ തൊഴില്നിയമനവുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസില്‍ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയായിരിക്കെ പാര്‍ഥ കോഴ വാങ്ങി എന്നാണ് കേസ്. പാര്‍ഥയുടെ അടുത്ത് സുഹൃത്തായ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 20 കോടിയിലധികം രൂപ ഇ.ഡി. പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ അര്‍പിതയേയും പാര്‍ഥയേയും ഇ.ഡി. ചോദ്യം ചെയ്തുവരികയാണ്.
അറസ്റ്റിന് ശേഷം പാര്‍ഥ മൂന്ന് തവണ മമതയെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. എന്നാല്‍ തൃണമൂല്‍ പാര്‍ട്ടി കോളുകള്‍ വന്ന കാര്യം നിഷേധിച്ചു. അറസ്റ്റിലായ പാര്‍ഥയുടെ ഫോണ്‍ ഇ.ഡി.യുടെ കൈവശമായതിനാല്‍ മുഖ്യമന്ത്രിയ്ക്ക് കോളുകള്‍ വരേണ്ട കാര്യമുദിക്കുന്നില്ലെന്ന് തൃണമൂല്‍ പാര്‍ട്ടി പ്രതികരിച്ചു.
ശാരീരികാസ്വാസ്ഥ്യമുണ്ടെന്നറിയിച്ചതിനെ തുടര്‍ന്ന് പാര്‍ഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് വിട്ടയക്കാനുള്ള നടപടി ആവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചിരുന്നു. കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ഭുവനേശ്വര്‍ എയിംസിലേക്ക് തിങ്കളാഴ്ച രാവിലെ എയര്‍ ആംബുലന്‍സില്‍ പാര്‍ഥയെ അയച്ചെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്ന് എയിംസ് ഡയറക്ടര്‍ അറിയിക്കുകയായിരുന്നു.
Content Highlights: Mamatha Banerjee on Partha Chatterjee arrest ED