വിലക്ക് ദേശസുരക്ഷയുമായി ബന്ധപ്പെട്ട്; കാരണം മീഡിയ വൺ മാനേജ്മെൻ്റിനെ അറിയിക്കേണ്ടതില്ലെന്നാവർത്തിച്ച് കേന്ദ്രം
മീഡിയാവണ്ണിന് സംപ്രേഷണവിലക്കേർപ്പെടുത്തിയത് ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. സംപ്രേഷണവിലക്കിൻ്റെ കാരണം ചാനൽ മാനേജ്മെൻ്റിനെ അറിയിക്കേണ്ടതില്ലെന്ന നിലപാടിലും കേന്ദ്രം ഉറച്ചുനിൽക്കുകയാണ്.
ചാനലിന് ലൈസൻസ് പുതുക്കി നൽകാതിരുന്നതിൻ്റെ കാരണം ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഇതിൻ്റെ കാരണങ്ങളും വിശദാംശങ്ങളും എതിർകക്ഷിയെ അറിയിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, കോടതി ആവശ്യപ്പെട്ടാൽ ഇനിയും വിവരങ്ങൾ സമർപ്പിക്കാമെന്നും വാർത്താവിതരണവകുപ്പ് ഡയറക്ടർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
കേസിൽ മറുപടി നൽകാൻ കേന്ദ്രം രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. ഒടുവിൽ വേനലവധിക്ക് ശേഷം അന്തിമവാദം നിശ്ചയിച്ചതിനെത്തുടർന്നാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
ചാനലിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി മാർച്ച് 15-ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ദേശസുരക്ഷക്ക് വെല്ലുവിളിയാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളി സംപ്രേഷണം തല്‍ക്കാലത്തേക്ക് തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.