“ഉന്നാൽ തൊടമുടിയാത് തമ്പി” ഇഡി കുരുക്കിൽ മുട്ടുമടക്കാതെ സ്റ്റാലിൻ
തമിഴ്നാട്മന്ത്രി സെന്തിൽ ബാലാജിക്ക് പുറകെ ഇഡിയുടെ കുരുക്കിലായ മന്ത്രി പൊൻമുടിക്ക് പൂർണ്ണപിന്തുണയുമായി മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കെ സ്റ്റാലിൻ രംഗത്ത്. സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിൽ തമിഴ്നാട് വൈദ്യുതി മന്ത്രിയായിരുന്ന സെന്തിൽ ബാലാജി അറസ്റ്റിലായി ഒരുമാസം പിന്നിടുകയാണ്. ഇപ്പോഴിതാ ഉന്നതവിദ്യാഭ്യാസ മന്ത്രി പൊൻമുടിയും ഇഡിയുടെ കുരുക്കിലായിരിക്കുകയാണ്. 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെയാണ് കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തത്. 2007-2011 കാലത്ത് ഖനി, ധാതുവിഭവ മന്ത്രിയായിരിക്കെ പൊൻമുടി തന്റെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ഖ്വാറി ലൈസൻസ് അനുവദിച്ചെന്നും ഇതുവഴി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്. ഈ കേസ് ജയലളിത സർക്കാരിന്റെ കാലത്താണ് രജിസ്റ്റര്‍ ചെയ്തത്. മാത്രമല്ല കേസിന്റെ വിചാരണ പ്രത്യേകകോടതിയിൽ നടക്കവെയാണ് ഇഡിയുടെ പരിശോധന. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം ,സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും പരിശോധന നടത്തുകയായിരുന്നു. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിൽ ഇഡി അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി. 9 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ ഇതുവരെ 70 ലക്ഷത്തോളം രൂപയും 10 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും പിടിച്ചെടുത്തെന്നാണ് വിവരം. 2020 ഒക്ടോബറിൽ വിദേശ പണമിടപാട് ചട്ടം ലംഘിച്ചതിന് ശിക്കാമണിയുടെ 8.6 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. പ്രതിപക്ഷ യോഗത്തിനായി മുഖ്യമന്ത്രി സ്റ്റാലിന് ബെംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ്, തമിഴ്നാട് മന്ത്രിക്കെതിരെ ഇഡിയുടെ പരിശോധന നടന്നത്. ഡിഎംകെയ്ക്കായി ഗവര്‍ണര്‍ തുടങ്ങി വച്ച തെരഞ്ഞെടുപ്പ് പ്രചാരണം ഇഡിയും ഏറ്റെടുത്തതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമായെന്നായിരുന്നു റെയ്ഡിനെ കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ പരിഹാസിച്ച് പറഞ്ഞത്. മുഖ്യമന്ത്രി സ്റ്റാലിൻ പൊൻമുടിയുമായി ഫോണിൽ സംസാരിച്ചെന്നാണ് പുറത്തു വരുന്ന വിവരം. കൂടാതെ സ്റ്റാലിന്റേയും ഡിഎംകെയുടേയും നിയമപരമായും രാഷ്ട്രീയപരമായുമുള്ള എല്ലാ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം കഴിഞ്ഞമാസം 14 ന് അറസ്റ്റിലായ തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇഡിയും സെന്തിൽ ബാലാജിയും തമ്മിൽ നിയമയുദ്ധം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
മന്ത്രി സെന്തിൽ ബാലാജി കേസിൽ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ അനുകൂലവിധി വന്നിരുന്നു. അതിനുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിരുന്നു. ഹൈക്കോടതിവിധിക്കെതിരേ മന്ത്രി സെന്തിൽ
ബാലാജിയുടെ ഭാര്യ മേഖല, അപ്പീൽ നൽകുമെന്ന് മുൻകൂട്ടിക്കണ്ടായിരുന്നു ഇഡി.യുടെ നടപടി.അപ്പീൽ വന്നാൽ തങ്ങൾക്ക് പറയാനുള്ളതുകൂടി കേട്ടശേഷമേ വിധി പ്രസ്താവിക്കാവൂവെന്നു കാണിച്ചാണ് ഇ.ഡി. തടസ്സഹർജി നൽകിയത്. ഇതോടെ ഈ കേസിലെ നിയമയുദ്ധം സുപ്രീംകോടതിയിലേക്ക് നീണ്ടിരിക്കുകയാണ്.നിയമനക്കോഴയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സെന്തിൽ ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ മൂന്നാമത്തെ ജഡ്ജി ജസ്റ്റിസ് സി.വി. കാർത്തികേയൻ ഇ.ഡി. നടപടി ശരിവെച്ചിരുന്നു. ഇ.ഡി.ക്ക് ഒരാളെ കസ്റ്റഡിയിലെടുക്കാനും ചോദ്യംചെയ്യാനും അധികാരമുണ്ടെന്നായിരുന്നു വിധി. ആശുപത്രിയിൽ കഴിയുന്ന കാലയളവ് കസ്റ്റഡിയായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിരുന്നു. നേരത്തേ കേസിൽ വാദംകേട്ട രണ്ടംഗബെഞ്ചിലെ ജഡ്ജിമാർ ഭിന്നവിധികൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് മൂന്നാംജഡ്ജി പ്രത്യേകം വാദംകേട്ട് വിധിപ്രസ്താവിച്ചത്.
ബാലാജിയ്ക്കെതിരെയുള്ള നടപടി ഡിഎംകെയെ ഭയപ്പെടുത്താനുള്ള ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലവാരമില്ലാത്ത രാഷ്ട്രീയ തന്ത്രമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നേരത്തേ ആരോപിച്ചിരുന്നു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പരിഭ്രമിച്ച ബിജെപി തങ്ങളെ ലക്ഷ്യമിടുകയാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.