മൊബൈല്‍ ടവറിന് സ്ഥലം ഉടമയുടെ അനുമതി വേണ്ട
സ്ഥലമുടമയുടെ അനുമതി ലഭിച്ചില്ലെങ്കിലും 2025 ജനുവരി ഒന്നുമുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാം. സേവന ദാതാക്കളില്‍ നിന്ന് ടവറുകള്‍ക്ക് ഈടാക്കിയിരുന്ന വസ്തു നികുതിയും ഒഴിവാക്കി.
രാജ്യത്ത് 5 ജി അടക്കം ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ‘മൊബൈല്‍ ടവർ’ നിർവചനം ടെലികോം മന്ത്രാലയം പരിഷ്കരിച്ചത്. ടവർ സ്ഥാപിക്കാൻ സ്ഥലം ഉടമയുമായി ധാരണ ഉണ്ടായില്ലെങ്കില്‍ പൊതുതാത്പര്യം ചൂണ്ടിക്കാട്ടി ടെലികോം കമ്ബനിക്ക് പോർട്ടല്‍ വഴി കളക്ടർക്കോ ഉദ്യോഗസ്ഥനോ അപേക്ഷിക്കാം.
ടവറിന്റെ നിർവചനം പരിഷ്കരിച്ചതോടെയാണ് വസ്തു നികുതി ഒഴിവായത്. ടെലികോം കമ്ബനികളുടെ ദീർഘകാല ആവശ്യമാണിത്. പുതിയ നിർവചനത്തില്‍ മൊബൈല്‍ ടവർ താത്കാലികമായി സ്ഥാപിക്കുന്നതും വേർപെടുത്തി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാവുന്നതുമാണ്. സ്ഥാപിച്ച സ്ഥലവുമായി സ്ഥിരം ബന്ധമില്ലാത്തതിനാല്‍ വസ്തു നികുതി വേണ്ട.
തദ്ദേശസ്ഥാപനങ്ങള്‍ അപേക്ഷ സ്വീകരിച്ച് 67 ദിവസത്തിനുള്ളില്‍ പ്രാഥമിക അനുമതികള്‍ നല്‍കണം. ഇല്ലെങ്കില്‍ അനുമതി അനുവദിച്ചതായി കണക്കാക്കും.