ഏക സിവില്‍ കോഡ് നടപ്പാക്കില്ല
ഇത് മോദിയുടെ തന്ത്രമോ കുതന്ത്രമോ ?
ബിജെപി സർക്കാരിന്റെ വിവാദമായ വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക എന്നത്. എന്നാൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇത് നടപ്പാക്കില്ല എന്നാണ് ഇപ്പോൾ മോദി സർക്കാർ വ്യക്തമാക്കുന്നത്. മോദി അധികാരത്തിൽവന്നതിനുശേഷം 2016 ജൂൺ 17-ാം തീയതി കേന്ദ്ര നിയമ മന്ത്രാലയം 21-ാം ലോ കമ്മിഷനു നൽകിയ റഫറൻസിൽ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ രണ്ടുവർഷംനീണ്ട വ്യാപകമായ തെളിവെടുപ്പിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ ചെയർമാനായ ലോ കമ്മിഷൻ ഏകീകൃത സിവിൽ കോഡ് രാജ്യത്തിനാവശ്യമില്ലെന്ന് കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.സിവിൽ കോഡ് എന്നാൽ, സിവിൽ നിയമങ്ങളുടെ സംഹിതയെന്നാണ്. എന്നാൽ ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായാണ് വിവരം. വിഷയം സങ്കീർണമെന്നും കൂടുതല്‍ പഠനം ആവശ്യമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് വരെ വിഷയം സജീവ ചർച്ചയാക്കി നിലനിർത്താനും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ വിമർശനം ഉയര്‍ന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടി നേതൃത്വം നിലപാട് മയപ്പെടുത്തിയത്.
രാജ്യത്ത് പാസാക്കി നടപ്പാക്കിയിട്ടുള്ള ബഹുഭൂരിപക്ഷം സിവിൽ നിയമങ്ങളും എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാക്കപ്പെട്ടിട്ടുള്ള ഏകീകൃത നിയമങ്ങളാണ്. എന്നാൽ, ഇന്ത്യയെപ്പോലെ വ്യത്യസ്ത മത-ജാതിയിൽപ്പെട്ട ജനവിഭാഗങ്ങൾ വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുകയും അപ്രകാരം സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരുപോലെയുള്ള അവകാശം ഉറപ്പുനൽകിയിട്ടുള്ള ഭരണഘടന നിലനിൽക്കുന്നിടത്തോളം വിവിധ ജാതി-മത വിഭാഗങ്ങളുടെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഏകീകരിച്ചുകൊണ്ടുള്ള നിയമനിർമാണം ഒരിക്കലും എളുപ്പമാവില്ല എന്നതാണ് യാഥാർത്ഥ്യം.പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്രഭരണകക്ഷിയോ ഏത് ഗണത്തിൽപ്പെടുന്ന സിവിൽ നിയമങ്ങളാണ് ഏകീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നു പോലും വ്യക്തമാക്കിയിട്ടില്ല. മൗലികാവകാശങ്ങൾ ലംഘിച്ചുകൊണ്ട് നിയമിക്കുന്ന ഏത് നിയമവും ആ ലംഘനത്തിന്റെ വ്യാപ്തിയോളം അസാധുവാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 13 ൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങൾ പിന്തുടരുന്ന വ്യക്തിനിയമങ്ങളും ആരാധനാലയങ്ങളെ ബാധിക്കുന്ന വഖഫ്, ദേവസ്വം, ഗുരുദ്വാരാ നിയമങ്ങളും ഏകീകരിച്ചുകൊണ്ട് നിയമം കൊണ്ടുവരുകയെന്നത് തികച്ചും അസാധ്യമാണ്. ഭരണഘടന അനുച്ഛേദം 25-ലെ രണ്ടാം വിശദീകരണമനുസരിച്ച് ‘ഹിന്ദുവെന്ന നിർവചനത്തിൽ സിഖ്, ബുദ്ധ, ജൈന മതവിഭാഗങ്ങൾ ഉൾപ്പെടും. എന്നാൽ, സിഖ് മതസ്ഥരുടെ ആരാധനാലയങ്ങളെ സംബന്ധിക്കുന്ന ഗുരുദ്വാരാ നിയമം പ്രത്യേകമാണ്. ദേവസ്വംനിയമങ്ങൾ ഓരോ സംസ്ഥാനത്തിനും പ്രത്യേകമാണ്. രാജ്യത്തെ മുഴുവൻ ഹിന്ദുമതസ്ഥാപനങ്ങളെ ബാധിക്കുന്ന ഏകീകൃത ദേവസ്വംനിയമങ്ങളില്ല. അവ ഏകീകരിക്കുകയെന്നത് ഒരിക്കലും അത്ര എളുപ്പമല്ല.
ഭോപ്പാലിൽ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡ് ചർച്ചയാക്കിയത്. പിന്നാലെ കേന്ദ്രസർക്കാർ ഇത് അധികം വൈകാതെ നടപ്പാക്കുമെന്ന് പറയുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. എന്നാൽ പാർലമെന്റിൽ വിഷയം എത്തിക്കാതെ സജീവ വിഷയമായ ചർച്ചയാക്കി നിലനിർത്താനാണ് ബിജെപിയുടെ നിലവിലുള്ള തീരുമാനം. ഇതിന്റെ ഭാഗമായി ബിജെപി അംഗങ്ങളുടെ ഭാഗത്ത് നിന്ന് സ്വകാര്യ ബില്ലായി വിഷയം പാർലമെന്റിൽ എത്തിക്കാനും ആലോചിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളെയും സിവിൽ കോഡിൽ എടുത്തുചാടി ഉൾപ്പെടുത്തിയാൽ തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് വരെ അത് വഴിവെച്ചേക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ ഉത്തരാഖണ്ഡിൽ നിയമത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് അധികം വൈകാതെ നിയമമായി പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.