ബൈബിളില്‍ മുത്തമിട്ട് മോദി; ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ച് പ്രധാനമന്ത്രി
ക്രൈസ്തവ ദേവാലയത്തില്‍ ക്രിസ്മസ് ദിനാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി. ഡല്‍ഹിയിലെ സിഎന്‍ഐ സഭാ ദേവാലയത്തിലെ പ്രാര്‍ത്ഥനാ ചടങ്ങുകളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കാളിയായത്. നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയും പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നത്. സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും പ്രധാനമന്ത്രി സന്നിഹിതനായിരുന്നു.
ഡല്‍ഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങില്‍ നടന്നു. ബിഷപ്പ് പോള്‍ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. ഏറ്റുവാങ്ങിയ ബൈബിള്‍ മോദി മുത്തമിട്ടു. സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച്ച നടത്തി. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസിക്കുന്നതായും പ്രധാനമന്ത്രി പ്രതികരിച്ചു. എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ. എന്നും മോദി എക്സിൽ കുറിച്ചു.











