മണിപ്പൂർ കത്തുന്നു
മോദി ഉറങ്ങുകയാണോ ?
എന്തുകൊണ്ടാണ് ഇന്നുവരെ മണിപ്പൂർ സന്ദർശിക്കാത്തത്? മണിപ്പൂരിലെ കുറിച്ച് സംസാരിക്കാൻ മോദിക്ക് 80 ദിവസം വേണ്ടിവന്നു. അതും മുപ്പത് സെക്കന്റാണ് സംസാരിച്ചത്. എന്തുകൊണ്ട് സംസാരിക്കുന്നില്ല? മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല? എന്നീ മൂന്ന് ചോദ്യങ്ങളാണ് പ്രതിപക്ഷം പാർലമെന്റിൽ ചോദിച്ചത്. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിച്ചത്. ഒരൊറ്റ ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടു മണിപ്പുരാണുള്ളതെന്ന് തരുൺ ഗൊഗോയ് ചൂണ്ടിക്കാട്ടി. രണ്ടു വിഭാഗങ്ങള്‍ ഇത്തരത്തില്‍ ഏറ്റുമുട്ടുന്നത് ഇതിന് മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. മണിപ്പുരില്‍ ലഹരിമാഫിയയ്ക്കു പിന്തുണ നല്കുന്നതു മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും ഗൗരവ് കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രാലയവും ദേശ സുരക്ഷാ സേനയും അവരുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. സ്വന്തം തെറ്റ് ജനങ്ങളോട് ഏറ്റുപറയാൻ മോദി തയ്യാറല്ല എന്നും അദ്ദേഹം പറഞ്ഞു.‘മണിപ്പുരിൽ സുരക്ഷാ സേനകൾ പരാജയപ്പെട്ടു. ആയുധങ്ങൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. പോരടിക്കുന്ന ഇരു വിഭാഗങ്ങളെയും ഒന്നിച്ചിരുത്തി ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി ഇതുവരെ തയാറായില്ല. അവിടെ സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബം ഉൾപ്പെടെ കലാപത്തിന് ഇരയായി. എന്നിട്ടും എല്ലാം സാധാരണ നിലയിലാണെന്ന് സർക്കാർ പറയുന്നു’ എന്നും ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി.
മണിപ്പൂർ കത്തുന്നു എന്നതിനർത്ഥം ഇന്ത്യ കത്തുന്നു എന്നതാണ്. മണിപ്പൂരിൽ വിഭാഗീയതയുണ്ട് എന്നതിനർത്ഥം ഇന്ത്യയില്‍ അതുണ്ടെന്നാണ് . അതുകൊണ്ടുതന്നെ മണിപ്പൂരിനെക്കുറിച്ച് മാത്രമല്ല, മുഴുവൻ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷം നോട്ടീസ് നല്കിയ അവിശ്വാസപ്രമേയത്തില്‍ തര്‍ക്കത്തോടെ ആയിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമായത്. രാഹുല്‍ ഗാന്ധി ആദ്യം സംസാരിക്കുന്നത് സംബന്ധിച്ച വിഷയത്തിലാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ ചർച്ചകള്‍ക്ക് തുടക്കമിട്ടത്.രാഹുൽ ഗാന്ധി നേരം വൈകി ഉണർന്നതുകൊണ്ടാകാം രാഹുൽ ഗാന്ധി ആദ്യം സംസാരിക്കാതിരുന്നതെന്ന് ചർച്ചയ്ക്കിടെ ബിജെപി എംപി നിഷികാന്ത് ദുബെ പരിഹസിച്ചു. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യ്ക്കെതിരെയും നിരവധി പരാമർശങ്ങളും നടത്തി. ചര്‍ച്ചയില്‍ ഭരണപക്ഷത്തുനിന്നും ആദ്യമായി സംസാരിച്ച വ്യക്തിയാണ് ഝാര്‍ഗണ്ഡില്‍ നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ.
എന്നാൽ മണിപ്പൂരില്‍ സ്ത്രീകള്‍ നേരിട്ട ക്രൂരകൃത്യം അവതരിപ്പിച്ച് ഡിഎംകെ എം പി, ടി ആര് ബാലു സംസാരിച്ചു. തെരുവില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. ന്യൂനപക്ഷങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ടു. 65,000 പേര് സംസ്ഥാനത്ത് നിന്ന് പലായനം ചെയ്തു. മുഖ്യമന്ത്രി നിസഹായനാണ്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരികയോ മണിപ്പൂരില്‍ പോവുകയോ ചെയ്യുന്നില്ല. ‘ഇന്ത്യ’ മണിപ്പൂരില്‍ പോയി എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി. എന്നും അദ്ദേഹം ആഞ്ഞടിച്ചു. പ്രധാനമന്ത്രി സഭയിൽവന്നു സംസാരിക്കാനുള്ള മാർഗമെന്ന നിലയിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതെന്നു കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു.
രാഹുൽ, ഗൗരവ് ഗൊഗോയ് എന്നിവർക്കു പുറമെ മനീഷ് തിവാരി, ദീപക് ബയ്ജ്, അധീർ രഞ്ജൻ ചൗധരി, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത്.ബിജെപിയിൽനിന്ന് മന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, കിരൺ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി, ലോക്കറ്റ് ചാറ്റർജി, ബണ്ഡി സഞ്ജയ് കുമാർ, റാം കൃപാൽ യാദവ്, രാജ്ദീപ് റോയ്, വിജയ് ഭാഗൽ, രമേഷ് ബിധൂരി, സുനിത ദുഗ്ഗൽ, ഹീന ഗാവിത്, നിഷികാന്ത് ദുബെ, രാജ്യവർധൻ സിങ് റാത്തോർ എന്നിവരും സംസാരിക്കും.