അഗ്നിപഥിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സർക്കാർ ഭാഗം കേൾക്കണം: സുപ്രീം കോടതിയിൽ കേന്ദ്രത്തിൻ്റെ കവിയറ്റ്
അഗ്നിപഥുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജികൾക്ക് ഒരുമുഴം മുൻപിൽ നീട്ടീയെറിഞ്ഞ് കേന്ദ്രസർക്കാർ. പദ്ധതിയ്ക്കെതിരായ ഹർജികളിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തങ്ങളുടെ ഭാഗം ഉറപ്പായും കേൾക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ “കവിയറ്റ്” ഫയൽ ചെയ്തു.
നിലവിൽ മൂന്ന് ഹർജികളാണ് അഗ്നിപഥിനെതിരായി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ ഏതെങ്കിലും ഹർജിയെ പ്രത്യേകമായി പരാമർശിക്കാതെയാണ് കേന്ദ്രസർക്കാർ കവിയറ്റ് ഫയൽ ചെയ്തത്.
അഭിഭാഷകരായ എം എൽ ശർമയും വിശാൽ തിവാരിയുമാണ് ആദ്യം ഹർജികൾ ഫയൽ ചെയ്തത്. സായുധസേനകളിലേയ്ക്കുള്ള നൂറ്റാണ്ട് പഴക്കമുള്ള നിയമനപ്രക്രിയ പാർലമെൻ്റിൻ്റെ അംഗീകാരമില്ലാതെ ഒറ്റയടിക്ക് റദ്ദാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് എം എൽ ശർമയുടെ ഹർജിയിൽ പറയുന്നു.
അഗ്നിപഥ് പദ്ധതി പരിശോധിക്കാനും ദേശസുരക്ഷയെയും സൈന്യത്തെയും അത് എങ്ങനെ ബാധിക്കുമെന്ന് പഠിക്കാനും സുപ്രീം കൊടതി ഒരു സമിതിയെ നിയോഗിക്കണമെന്നാണ് വിശാൽ തിവാരിയുടെ ഹർജിയിലെ പ്രധാന ആവശ്യം. പദ്ധതിയ്ക്കെതിരെ രാജ്യമെങ്ങും അരങ്ങേറിയ അക്രമാസക്തമായ സമരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെടുന്നു.
മറ്റൊരു മുതിർന്ന അഭിഭാഷകനായ ഹർഷ് അജയ് സിങ്ങ് തിങ്കളാഴ്ച ഒരു ഹർജി ഫയൽ ചെയ്തിരുന്നു. അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കുന്നതിനുള്ള നിർദ്ദേശം സർക്കാരിന് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിയ്ക്കെതിരായി വലിയ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യവും ഹർഷ് അജയ് സിങ്ങിൻ്റെ ഹർജിയിൽ പ്രതിപാദിക്കുന്നുണ്ട്.