വീട്ടുടമ വെള്ളക്കരം അധികം ഈടാക്കി: നാഗ്പൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു
വീട്ടുടമ വെള്ളക്കരം അധികമായി ഈടാക്കിയതിന് ദമ്പതികൾ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരി(Nagpur)ലാണ് സംഭവം. കലാംനയിലെ ഗൗരി നഗറിൽ താമസിക്കുന്ന മനോജ് വസുദിയോ ലോഢി(45), ഭാര്യ മംത എന്നിവരാണ് മരിച്ചത്.
സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ കച്ചവടം ചെയ്യുന്ന മനോജിനെയും ഭാര്യയെയും ഞായറാഴ്ച രാത്രിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ വീട്ടുടമയായ ഇഷ്ഫാഖ് ഷേയ്ഖ് തങ്ങളിൽ നിന്നും വെള്ളക്കരം അധികമായി ഈടാക്കിയത് മനോവിഷമമുണ്ടാക്കിയതായി പറയുന്നുണ്ട്. തങ്ങളുടെ മൃതദേഹം സർക്കാർ മെഡിക്കൽ കോളജിന് വിട്ടുനൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
അസാധാരണ മരണത്തിന് കേസെടുത്തതായി കലാംന പൊലീസ് സ്റ്റേഷൻ അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)
Content Highlight: Overcharged For Water Consumption, Nagpur couple commits suicide