ചില തീരുമാനങ്ങൾ ആദ്യം പലർക്കും അരോചകമായി തോന്നിയേക്കാം: അഗ്നിപഥിനെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി

അഗ്നിപഥ് പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാമെങ്കിലും കാലങ്ങൾക്ക് ശേഷം രാജ്യത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിന് ഈ തീരുമാനങ്ങൾ സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില തീരുമാനങ്ങൾ ആദ്യം പലർക്കും അരോചകമായി തോന്നിയേക്കാം. എന്നാൽ കാലങ്ങൾക്ക് ശേഷം ഈ തീരുമാനങ്ങൾ പലതും രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കും. പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. എന്നാൽ അഗ്നിപഥിനെക്കുറിച്ച് നേരിട്ടൊരു പരാമർശം നടത്താൻ അദ്ദേഹം തയാറായില്ല.
അതേസമയം പ്രതിഷേധങ്ങളെ തൃണവൽഗണിച്ച് അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് പോകുവാനാണ് കേന്ദ്രസർക്കാരിൻ്റെ തീരുമാനം. അഗ്നിപഥ് പദ്ധതി പ്രകാരമുള്ള കരസേന റിക്രൂട്ട്മെന്റ് റാലിയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. ജൂലൈ മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.