സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരം ഡല്‍ഹിയെന്ന് എന്‍ സി ആര് ബി റിപ്പോര്‍ട്ട്
രാജ്യ തലസ്ഥാനമാണ് സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമെന്ന് എന്‍ സി ആര് ബി റിപ്പോര്‍ട്ട്. 2022നെ അപേക്ഷിച്ച് നാല്‍പ്പത് ശതമാനത്തിന്റെ വര്‍ധനയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 19 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ കേസുകളുടെ എണ്ണം 43,414 ആണ്. ഇതിന്റെ 32.20 ശതമാനവും ഡല്‍ഹിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹിയില്‍ പ്രതിദിനം രണ്ടിലധികം പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോകല്‍ (3948), ഭര്ത്താക്കന്മാരില് നിന്നുള്ള ക്രൂരത (4674), ബലാത്സംഗം (833) എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ദേശീയ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
5,543 കേസുകളുമായി മുംബൈ രണ്ടാം സ്ഥാനത്താണ്, 3,127 കേസുകളുമായി ബെംഗളൂരു മൂന്നാമതുമാണുള്ളത്. മൊത്തം കുറ്റകൃത്യങ്ങളില്‍ യഥാക്രമം 12.76 ശതമാനവും 7.2 ശതമാനവും മുംബൈയിലും ബെംഗളൂരുവിലുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Highlights – NCRB report States that Delhi is not a safe city for women