കൊളോണിയല്‍ ഓര്‍മ്മകള്‍ക്ക് വിട; ഇന്ത്യന്‍ നാവികയ്ക്ക് സേനയ്ക്ക് പുതിയ പതാക
കൊളോണിയല്‍ കാലത്തെ ഓര്‍മ്മിപ്പിച്ചിരുന്ന ഇന്ത്യന്‍ നാവിക സേനയുടെ പതാകയ്ക്ക് വിട. ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു, കൊച്ചിയില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുതിയ പതാക അവതരിപ്പിച്ചത്.
മൂന്ന് സമുദ്രങ്ങളില്‍ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയല്‍ ചിഹ്നത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. പുതിയ പതാക കൊളോണിയല്‍ ഓര്‍മകളെ പൂര്‍ണമായി മായ്ക്കുന്നതാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ ദേശിയ പതാകയ്ക്കൊപ്പം ഇന്ത്യന്‍ സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന പതാകയില്‍ അശോക സ്തംഭവും നങ്കൂരവുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും പതാകകളുമായി ചേര്‍ന്നു പോകുന്നതാണ് പുതിയ പതാക. ഒരു പക്ഷേ നാവിക സേനാ പതാകയുടെ അവസാനത്തെ പരിഷ്കാക്കാരമാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബ്രീട്ടീഷ് ഭരണകാലവുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ചാണ് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നിരിക്കുന്നത്. സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. മറാഠാ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു ഛത്രപതി ശിവജിയുടെ മുദ്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഘടകങ്ങളും പുതിയ പതാകയിലുണ്ട്. പുതിയ പതാകയുടെ മുകളിലായി ദേശീയ പതാകയുണ്ട്. കൂടാതെ നീല അഷ്ടഭുജാകൃതിയിലുള്ള ഒരു കവചത്തിനുള്ളിലായി അശോക സ്തംഭവും ഒരു നങ്കൂരചിഹ്നവും ഉള്‍ക്കൊള്ളിച്ചിട്ടുള്ള മുദ്രയും കാണാം.
നീല അഷ്ടഭുജാകൃതിയിലുള്ള കവചം ഇന്ത്യന്‍ നാവികസേനയുടെ വ്യാപ്തിയെയും ബഹുമുഖ പ്രവര്‍ത്തന ശേഷിയെയും എട്ട് ദിശകളെയും പ്രതിനിധീകരിക്കുന്നുവെന്ന് നാവികസേന പറഞ്ഞു. നങ്കൂരചിഹ്നം ദൃഢനിശ്ചയത്തെ പ്രതിനിധീകരിക്കുന്നുവെന്നും നാവികസേന വ്യക്തമാക്കുന്നു.
വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ യോജിക്കുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമായിരുന്നു ഇതുവരെയുള്ള നാവികസേനാ പതാക. ചുവന്ന വരികള്‍ സെന്റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെടുക. 1928 മുതല്‍ സെന്റ് ജോര്‍ജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്.
1950, 2001, 2004, 2014 കാലഘട്ടങ്ങളിലാണ് നാവിക സേനയുടെ പതാകയില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഒടുവില്‍ സെപ്റ്റംബര്‍ രണ്ട് 2022ല്‍ ബ്രിട്ടീഷ് ഓര്‍മ്മകള്‍ക്ക് വിട നല്കി ഇന്ത്യന്‍ നാവിക സേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നിരിക്കുകയാണ്.
2001-2004 കാലത്താണ് പതാകയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാവിക സേനയുടെ ചിഹ്നം കൂടി കൂട്ടിച്ചേര്‍ത്തത്. നീല നിറത്തിലുള്ളതായിരുന്നു ചിഹ്നം. എന്നാല്‍ നിറം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നപ്പോള്‍ ചിഹ്നത്തിന്റെ നിറം വീണ്ടും മാറ്റി. 2014 ലാണ് അവസാനത്തെ മാറ്റം കൂട്ടിച്ചേര്‍ത്ത് നിലവിലുള്ള രൂപത്തിലേക്കെത്തിയത്.
Content Highlights – New Flag for Indian Navy