‘ദയവുചെയ്ത് ഇവിടെനിന്ന് പോകരുത്’; പട്ടാളക്കാരുടെ കാലുപിടിച്ച് കരഞ്ഞ് കുക്കി വനിതകള്‍
മണിപ്പൂര്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന ഒരു വീഡിയോകൂടി പുറത്ത്. തങ്ങൾക്കെതിരായ ആക്രമണം തുടരുന്നതിനിടെ കുക്കി വനിതകള്‍ പട്ടാളക്കാരുടെ കാലുപിടിച്ച് രക്ഷിക്കണമെന്നാവശ്യപ്പെടുന്ന വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
കാങ്പോക്പി ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാങ്പോക്പി ജില്ലയില്‍ വിന്യസിച്ചിരിക്കുന്ന അസം റൈഫിള്‍സിനെ മറ്റ് ജില്ലകളിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുക്കി വനിതകള്‍ ജവാന്റെ കാല് പിടിക്കുന്നത്. അസം റൈഫിള്‍സ് മാറിയാല്‍ ഇവിടെ മെയ്തികളുടെ ആക്രമണം ഉണ്ടാകുമെന്നും തങ്ങള്‍ക്ക് സുരക്ഷ ഉണ്ടാകില്ലെന്നും പറഞ്ഞാണ് കുക്കി സ്ത്രീകള്‍ ജവാന്റെ കാല് പിടിച്ചു കരയുന്നത്. മൊറയിലും ചുരാചന്ദ്പൂരിലും അസം റൈഫിള്‍സിനെ തന്നെയാണ് വിന്യസിച്ചിട്ടുള്ളത്.
‘മതിയായ പകരക്കാരില്ലാതെ കേന്ദ്ര സേനയെ നീക്കം ചെയ്താല്‍ മെയ്തി തീവ്രവാദികളില്‍ നിന്ന് ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. പകരക്കാരെ ആദ്യം അയയ്ക്കേണ്ടതായുണ്ട്. ഇതാണ് സ്ത്രീകള്‍ പട്ടാളക്കാരോട് ഇവിടെ തുടരാൻ ആവശ്യപ്പെടാൻ കാരണം’ – പ്രദേശത്തെ പുരുഷന്മാരിലൊരാള്‍ പറയുന്നു. ചുരാചന്ദ്പൂരിലേക്ക് മാറാൻ സൈനികരോട് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതായി അസം റൈഫിള്‍സ് ഉദ്യോഗസ്ഥൻ സ്ത്രീകളോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
നേരത്തേ ഇംഫാല്‍ വെസ്റ്റ് ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇംഫാല്‍ വെസ്റ്റിലെ സെൻഞ്ചം ചിരാങ്ങിലാണ് പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ തലക്ക് വെടിയേല്‍ക്കുകയായിരുന്നു. ബിഷ്ണുപൂരില്‍ രണ്ട് സുരക്ഷാ ഔട്ട്പോസ്റ്റുകള്‍ തകര്‍ത്ത് ഓട്ടോമാറ്റിക് തോക്ക് അടക്കം പൊലീസിന്റെ ആയുധങ്ങള്‍ ജനക്കൂട്ടം കവരുകയും ചെയ്തിട്ടുണ്ട്.