വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല; ജീവനക്കാരിയെ തല്ലി യാത്രക്കാരി
ലഖ്നോവിലെ ചൗധരി ചരണ്‍ സിങ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ യാത്രക്കാരി എയർലൈൻ ജീവനക്കാരിയെ തല്ലി. മുംബൈയിലേക്ക് ആകാശ എയര്‍ലൈൻസില്‍ യാത്രക്കായി ഭര്‍ത്താവിനൊപ്പമെത്തിയ യാത്രക്കാരിയാണ് ജീവനക്കാരിയെ തല്ലിയത്.
15 മിനിറ്റ് വൈകിയാണ് യാത്രക്കാരിയും ഭര്‍ത്താവും വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് വിമാനത്തില്‍ കയറാൻ അനുവാദം നല്‍കണമെന്ന് ആകാശ എയര്‍ ജീവനക്കാരിയായ നിമിഷയോട് ഇവര്‍ പറഞ്ഞു. എന്നാല്‍ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിന് അനുമതി നല്‍കാനാവില്ലെന്ന് ജീവനക്കാരി അറിയിച്ചു. തുടര്‍ന്നാണ് യാത്രക്കാരി ജീവനക്കാരിയെ തല്ലിയത്.
തുടര്‍ന്ന് ആകാശ എയര്‍ ജീവനക്കാര്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റിയെ വിളിക്കുകയും അവര്‍ ദമ്പതികളെ സരോജിനി നഗര്‍ പൊലീസിന് കൈമാറുകയും ചെയ്തു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തന്റെ നിസ്സഹായാവസ്ഥ ഇവരെ അറിയിച്ചുവെങ്കിലും അതൊന്നും കേൾക്കാതെ തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് ആകാശ എയര്‍ ജീവനക്കാരിയായ നിമിഷ പറഞ്ഞു. മുംബൈ സ്വദേശികളാണ് പിടിയിലായത്.