ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകന്. സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് രാജു നാരായണസ്വാമി 3,85,000 രൂപ ഫീസ് നല്‍കാനുണ്ടെന്നാണ് അഭിഭാഷകനായ കെ.ആര്. സുഭാഷ് ചന്ദ്രന് വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിക്കുന്നത്.
നേരത്തേ സംസ്ഥാന സര്‍ക്കാര്‍ തനിക്ക് അര്‍ഹതപ്പെട്ട ചീഫ് സെക്രട്ടറി ഗ്രേഡ് നിരസിക്കുന്നുവെന്ന് ആരോപിച്ചാണ് രാജു നാരായണ സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസില്‍ രാജു നാരായണസ്വാമിയുടെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സുപ്രീം കോടതി അഭിഭാഷകനായ കെ.ആര്. സുഭാഷ് ചന്ദ്രന് ആയിരുന്നു. കേസ് നടത്തിയതിന് രണ്ട് തവണയായി 3,85,000 രൂപയുടെ ബില്ല് രാജു നാരായണസ്വാമിക്ക് കൊടുത്തിരുന്നു. എന്നാല്‍ ഒറ്റപൈസ രാജു നാരായണ സ്വാമി നല്‍കിയിട്ടില്ലെന്നും ഫീസ് നല്‍കാത്തതിന് പുറമെ ഭീഷണിപ്പെടുത്തുകയാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അഭിഭാഷകന് കെ.പി. അനിരുദ്ധ് ആണ് സുഭാഷ് ചന്ദ്രന് വേണ്ടി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഫീസ് ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ദുരുപയോഗപ്പെടുത്തി സുഭാഷ് ചന്ദ്രനെ ഭീഷണിപ്പെടുത്തിയെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്. പ്രതിമാസം രണ്ട് ശതമാനം പലിശയോടെ ഫീസ് നല്‍കിയില്ലെങ്കില്‍ രാജു നാരായണ സ്വാമിയുടെ സ്വത്തുവകകള്‍ കണ്ട് കെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു













