ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ; രാജ്യത്തോട് മാപ്പു പറയണമെന്ന് സുപ്രീം കോടതി
മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഉദയ്പൂർ കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം നൂപുര്‍ ശര്‍മയുടെ പ്രസ്താവനയാണെന്ന് സുപ്രീം കോടതി പറഞ്ഞു. പാര്‍ട്ടി വക്താവ് എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ലെന്നും പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പുപറയണമെന്നും കോടതി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ പേരില്‍ കേസുകൾ രജിസ്റ്റര്‍ ചെയ്യുകയാണെന്നും തൻ്റെ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ കേസുകളിലെ എഫ്ഐആറുകൾ, ഒറ്റ എഫ്ഐആറാക്കി മാറ്റണമെന്നും കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.
എന്നാൽ, തികച്ചും അപക്വമായ പ്രസ്താവനയാണ് നൂപുര്‍ ശര്‍മയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരടങ്ങുന്ന ബഞ്ച് വിമര്‍ശിച്ചു. ഈ അപക്വമായ പ്രസ്താവന രാജ്യത്ത് വലിയ തോതിലുള്ള അക്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചതായി ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. ഉദയ്പൂർ കൊലപാതകം പോലെ ഒരു ദാരുണ സംഭവമുണ്ടാകാൻ കാരണമായത് നൂപുർ ശർമ്മയുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി.
ഒരു വാര്‍ത്ത ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോൾ നടത്തിയ പരാമര്‍ശങ്ങള്‍ ചാനല്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് നൂപുര്‍ ശര്‍മയുടെ അഭിഭാഷകന് വാദിച്ചത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ചാനല്‍ അവതാരകനെതിരേ നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു.
മാധ്യമ പ്രവർത്തകർക്ക് നൽകുന്ന സംരക്ഷണം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക വക്താവായ നൂപുർ ശർമയ്ക്ക് നൽകാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. തൻ്റെ പ്രസ്താവനകൾ സമൂഹത്തിനുണ്ടാക്കുന്ന ദോഷത്തെപ്പറ്റി ബോധമില്ലാതെ നടത്തിയ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണിതെന്നും കോടതി പറഞ്ഞു.
ഒടുവിൽ നൂപുര ശർമയുടെ അഭിഭാഷകൻ ഹർജി പിൻവലിക്കുകയായിരുന്നു.