ഡൽഹി പൊലീസ് നൂപുർ ശർമയ്ക്ക് ചുവപ്പ് പരവതാനി വിരിച്ചു; കേസെടുക്കുന്നതിലെ വിവേചനത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
മുസ്ലീം മതവിഭാഗത്തിൻ്റെ പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള വിവാദ പ്രസ്താവന നടത്തിയ നൂപുർ ശർമയ്ക്കെതിരെ കേസെടുത്തിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് അവർക്കുള്ള സ്വാധീനം മൂലമാണെന്ന് സുപ്രീം കോടതിയുടെ വിമർശനം. ഡൽഹി പൊലീസ് നൂപുർ ശർമയ്ക്ക് ചുവപ്പ് പരവതാനി വിരിച്ചിട്ടുണ്ടാകുമെന്നും കോടതി വിമർശിച്ചു. നൂപുർ ശർമയുടെ ഹർജി പരിഗണിക്കുന്നതിനിടയിൽ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരടങ്ങുന്ന ബഞ്ചാണ് രൂക്ഷവിമർശനം ഉന്നയിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ പേരില്‍ കേസുകൾ രജിസ്റ്റര്‍ ചെയ്യുകയാണെന്നും തൻ്റെ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചത്. ഡൽഹിയിലാണ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് മുംബൈ, നാഗ്പൂർ, കശ്മീർ, ജമ്മു എന്നിങ്ങനെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ്. ഒറ്റസംഭവത്തിൻ്റെ പേരിലാണ് ഇത്തരത്തിൽ നിർവധി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും നൂപുർ ശർമയുടെ അഭിഭാഷകൻ വാദിച്ചു.
ആദ്യം ഡൽഹിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ എന്ത് നടപടിയുണ്ടായെന്ന് കോടതി ചോദിച്ചു. “അവിടെ നിങ്ങൾക്ക് ചുവപ്പ് പരവതാനി ഉണ്ടായിരുന്നിരിക്കുമല്ലോ? ചുവപ്പ് പരവതാനി !” കോടതി പറഞ്ഞു.
നിങ്ങൾ കൊടുക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്ന എഫ്ഐആറിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നുണ്ട്. പക്ഷേ നിങ്ങളെ അറസ്റ്റ് ചെയ്യില്ല. അത് നിങ്ങളുടെ സ്വാധീനശക്തിയാണ് കാണിക്കുന്നത്. അതിൻ്റെ പിൻബലത്തിലാണ് നിങ്ങൾ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തുന്നതെന്നും കോടതി നൂപുർ ശർമയെ വിമർശിച്ചു.
ഇങ്ങനെയാണെങ്കിൽ ഓരോ പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്ന് നൂപുർ ശർമയുടെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ “ഒരു ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവർക്കും സംസാരിക്കാനുള്ള അവകാശമുണ്ട്. പുല്ലിന് വളരാനും കഴുതയ്ക്ക് അത് തിന്നാനുമുള്ള അവകാശമുണ്ട്.” എന്നായിരുന്നു കോടതിയുടെ മറുപടി.
രാജ്യത്തെ മജിസ്ട്രേറ്റുമാരെല്ലാം തന്നെക്കാളും താഴെയാണെന്ന അഹന്ത കാരണമാണ് നൂപുർ ശർമ ഈ ഹർജിയുമായി വന്നതെന്നും കോടതി നിരീക്ഷിച്ചു. അതാത് കോടതികളിൽ ഹാജരാകുന്നതിന് പകരം സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ഒരു സംഭവത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ മാത്രമേ ക്രിമിനൽ നടപടി ക്രമം 154 പ്രകാരം രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ടിടി ആൻ്റണി വേഴ്സസ് കേരള കേസിലെ വിധി പരാമർശിച്ചുകൊണ്ട് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ അത് കാണിച്ച് അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ സമീപിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് നൂപുർ ശർമയുടെ അഭിഭാഷകൻ ഹർജി പിൻവലിക്കുകയായിരുന്നു.
“എന്താണ് ഡൽഹി പൊലീസ് ചെയ്തത്? ഞങ്ങളെക്കൊണ്ട് പലതും പറയിക്കരുത്. എന്തിനായിരുന്നു ആ ടെലിവിഷൻ ചർച്ച? കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം അവർ എന്തിനാണ് ചർച്ചയ്ക്കെടുത്തത്? ഒരു അജൻഡ ആളിക്കത്തിക്കാൻ മാത്രമല്ലേ?” ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
നൂപുർ ശർമയുടെ ഹർജിയിൽ അവരുടെ പേര് പറയാത്തതിൻ്റെ കാരണം ചോദിച്ച കോടതിയോട് അവർക്ക് ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ മറുപടി പറഞ്ഞു. എന്നാൽ “അവർക്ക് ഭീഷണിയുണ്ടോ അതോ അവർ തന്നെ ഒരു സുരക്ഷാ ഭീഷണിയായി മാറിയോ?” എന്നായിരുന്നു കോടതിയുടെ ചോദ്യം.
ഈ അപക്വമായ പ്രസ്താവന രാജ്യത്ത് വലിയ തോതിലുള്ള അക്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചതായി ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. ഉദയ്പൂർ കൊലപാതകം പോലെ ഒരു ദാരുണ സംഭവമുണ്ടാകാൻ കാരണമായത് നൂപുർ ശർമ്മയുടെ പരാമർശമാണെന്നും കോടതി വിലയിരുത്തി.
അർണബ് ഗോസ്വാമി കേസിലെ പരാമർശം ഉദ്ധരിച്ച അഭിഭാഷകനോട് മാധ്യമ പ്രവർത്തകർക്ക് നൽകുന്ന സംരക്ഷണം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക വക്താവായ നൂപുർ ശർമയ്ക്ക് നൽകാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. തൻ്റെ പ്രസ്താവനകൾ സമൂഹത്തിനുണ്ടാക്കുന്ന ദോഷത്തെപ്പറ്റി ബോധമില്ലാതെ നടത്തിയ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണിതെന്നും കോടതി പറഞ്ഞു.