ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനും എതിര് ; ചെന്നിത്തല
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് അംഗീകാരം നല്കിയ കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനും എതിരാണ് തീരുമാനമെന്ന് ചെന്നിത്തല പ്രതികരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പുകളും വ്യത്യസ്തമായ തലങ്ങളിലാണ് നടക്കേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിഷയങ്ങളല്ല സംസ്ഥാന തിരഞ്ഞെടുപ്പുകളിലുണ്ടാകുക. ദേശീയ വിഷയങ്ങള്‍ പോലെ തന്നെ പ്രാദേശികമായ വിഷയങ്ങള്‍ക്കും പ്രാധാന്യം ലഭിക്കണമെങ്കില്‍ രണ്ടു തിരഞ്ഞെടുപ്പുകളും വെവ്വേറെ തന്നെ നടത്തേണ്ടി വരും. ഇത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് അനാവശ്യമായ നേട്ടം ഉണ്ടാക്കാനുളള ഗൂഢപദ്ധതി മാത്രമാണ്. ഇതു നടപ്പാക്കുകയെന്നാല്‍ ജനാധിപത്യവിരുദ്ധമായി നിരവധി സംസ്ഥാന നിയമസഭകള്‍ പിരിച്ചു വിടുകയെന്നതാണ്. അത് അനുവദിക്കാനാവില്ല. ഇതൊക്കെ രാജ്യത്തെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഢപദ്ധതിയാണെന്നും ചെന്നിത്തല പറഞ്ഞു.
മുന്‍കാലങ്ങളിലും ജനശ്രദ്ധ തിരിച്ചു വിടാന്‍ ഇതുപോലെ നിരവധി പരിപാടികള്‍ ബിജെപി കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമം നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ഒറ്റയ്ക്കു ഭരിക്കാന്‍ പോലും ആള്‍ബലമില്ലാത്ത ബിജെപി കാബിനറ്റ് ഇതുപോലെ നാടകങ്ങള്‍ കാണിക്കുന്നത് ഭരണപരാജയത്തില്‍ നിന്നും ജനശ്രദ്ധ മാറ്റാനാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചര്‍ത്തു.