ഓപ്പറേഷൻ സിന്ദൂറിൽ 50 പേർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; എന്നാൽ പാകിസ്താനിലെ സമ ടിവി പുറത്ത് വിട്ട ലിസ്റ്റിൽ കൊല്ലപ്പെട്ട 155 സൈനികരുടെയും വിവരങ്ങൾ

പാകിസ്ഥാൻ ഭീകരന്മാരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങൾക്ക് കനത്ത നഷ്ടം സംഭവിച്ചുവെന്ന് പാകിസ്ഥാൻ ഒടുവിൽ സമ്മതിച്ചു. മെയ് 9 മുതൽ 10 വരെ നടന്ന സൈനിക ആക്രമണമായ ഓപ്പറേഷൻ സിന്ദൂരിൽ 13 സൈനികർ ഉൾപ്പെടെ 50-ലധികം പേർക്ക് ജീവനാശമുണ്ടായി എന്നും പാകിസ്ഥാൻ അധികൃതർ വെളിപ്പെടുത്തി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യോമാക്രമണം നടന്ന് മൂന്ന് മാസത്തിലേറെ പിന്നിട്ട ശേഷമാണ് ഈ നിർണായക സ്ഥിരീകരണം പുറത്ത് വരുന്നത്.
ഇന്ത്യ ബൊളാരി വ്യോമതാവളം ആക്രമിച്ചപ്പോൾ ഓപ്പറേഷൻ സിന്ദൂരിനിടെ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ് കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. പാകിസ്ഥാൻ പ്രസിഡൻസിയിൽ വെച്ച് അദ്ദേഹത്തിന് പാരിതോഷികം നൽകുകയുണ്ടായി. കൂടാതെ, നൂർ ഖാൻ, സർഗോധ, ജേക്കബാബാദ്, ബൊളാരി, ഷോർകോട്ട് എന്നിവിടങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സമ്മതിക്കുന്നു.
ഓഗസ്റ്റ് 14-ന് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസിഡൻ്റ് ഹൗസിൽ നടന്ന വാർഷിക അവാർഡ് ദാന ചടങ്ങിലാണ് ഈ വിവരം പുറത്തുവന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട സൈനികർക്ക് മരണാന്തരം അവാർഡുകൾ നൽകി ആദരിച്ചു.
മരണാനന്തരം തംഘ-ഇ-ബസലത്ത് പുരസ്കാരം ലഭിച്ചവരിൽ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ഹവൽദാർ മുഹമ്മദ് നവീദ്, നായിക് വഖാർ ഖാലിദ്, ലാൻസ് നായിക് ദിലാവർ ഖാൻ എന്നിവരും ഉൾപ്പെടുന്നു. നായിക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ഇക്രമുള്ള, ശിപായി അദീൽ അക്ബർ എന്നിവർക്ക് തംഘ-ഇ-ജുറാത്ത് പുരസ്കാരമാണ് നൽകിയത്.
ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനിടെ നൂർ ഖാൻ വ്യോമതാവളത്തിൽ ഉള്ള അമേരിക്കൻ സാങ്കേതിക വിദഗ്ധർക്ക് പരിക്കേറ്റതായും നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ വിവരം പാകിസ്ഥാൻ പ്രസിഡന്റ് ഹൗസിൽ നടന്ന വാർഷിക അവാർഡ് ദാന ചടങ്ങിനിടെയാണ് പുറത്തുവന്നത്.
ഇന്ത്യൻ സർക്കാർ നേരത്തെ പറഞ്ഞിരുന്നത്, മെയ് 7-ന് നടന്ന ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ 100-ലധികം തീവ്രവാദികളെ ഇല്ലാതാക്കി എന്നും, പ്രധാന തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചു എന്നുമാണ്.
ഇപ്പോൾ പാകിസ്ഥാൻ 50 പേരുടെമരണമാണ് സ്ഥിരീകരിച്ചത് എങ്കിലും 150 ൽ പരം ആളുകൾ മരിച്ചിട്ടുണ്ട് എന്നാണ് കണക്ക് കൂട്ടുന്നത്. ഇതിന് തെളിവ് പാകിസ്ഥാൻ മാധ്യമം തന്നെയാണ് നൽകിയത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ മരണപ്പെട്ട 155 സൈനികർക്കുള്ള മരണാനന്തര ബഹുമതിയുടെ ലിസ്റ്റ് പാക് മാധ്യമമായ സമാ ടിവി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അത് വലിയ അബദ്ധമാണെന്ന് അവർക്ക് മനസ്സിലാകുകയും, പെട്ടെന്ന് തന്നെ ആ പോസ്റ്റ് അവർ പിൻവലിക്കുകയും ചെയ്തു. എന്നാൽ ആ ലിസ്റ്റ് അതോടെ പുറത്ത് വന്നു.
ഇന്ത്യ അവകാശപെടുന്നത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സമ ടിവി പുറത്ത് വിട്ട ലിസ്റ്റിലെ കൊല്ലപ്പെട്ടവരുടെ എണ്ണം. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് കൂടുതൽ കരുത്ത് നൽകുന്നതാണ് പാകിസ്താന്റെ ഇപ്പോളത്തെ വെളിപ്പെടുത്തലും, സമ ടിവി പുറത്ത് വിട്ട ലിസ്റ്റും.
ഇന്ത്യ പാക് സംഘർഷം വഷളായ അവസരത്തിൽ, ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ ചാനലുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിൽ ഈ സമ ടിവിയും പെടുന്നുണ്ട്. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് അന്ന് നിരോധിച്ചത്.