ഇന്ത്യയെ വെല്ലുവിളിക്കാനിറങ്ങിയ പാകിസ്ഥാന് വീണ്ടും തിരിച്ചടി; ഷഹീൻ മിസൈൽ പതിച്ചത് ബലൂചിസ്ഥാനിലെ പാടത്ത്

ഓപ്പറേഷൻ സിന്ദൂരിന്റെ ഭീതി വിട്ടു മാറിയിട്ടില്ലാത്ത , നമ്മുടെ അയൽരാജ്യമായ പാകിസ്ഥാന് വീണ്ടും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നു. ഇന്ത്യയ്ക്ക് മുന്നിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ വേണ്ടി പാകിസ്ഥാൻ നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു. പാകിസ്ഥാന്റെ ഷഹീൻ മിസൈലിന്റെ പരീക്ഷണമാണ് പരാജയപ്പെട്ടത്. ഈ ആഴ്ച മുഴുവൻ പാകിസ്ഥാൻ യുദ്ധാഭ്യാസങ്ങൾക്കും മിസൈൽ പരീക്ഷണങ്ങൾക്കുമായി വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനായി പാകിസ്ഥാൻ NOTAM പുറപ്പെടുവിച്ചിരുന്നു.
ജൂലൈ 22 ന് പാകിസ്ഥാൻ തങ്ങളുടെ ഷഹീൻ -3 ആണവ മിസൈൽ പരീക്ഷിച്ചിരുന്നു. എന്നാൽ ലക്ഷ്യസ്ഥാനത്ത് പതിക്കാതെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള വയലുകളിലാണ് ഈ മിസൈൽ വന്ന് വീണത്. അതോടെ പ്രദേശവാസികൾ രോഷാകുലരായി. മിസൈൽ അല്പം കൂടി മാറിയാണ് വീണതെങ്കിൽ, അത് കനത്ത നാശനഷ്ടങ്ങൾക്കും സ്വത്ത് നാശത്തിനും ജീവഹാനിക്കും വരെ കാരണമാകുമായിരുന്നു എന്നാണ് അവർ പറയുന്നത്.
ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച് ഈ സംഭവത്തെ ശക്തമായി അപലപിച്ചു. “പാകിസ്ഥാൻ നടത്തിയ ആവർത്തിച്ചുള്ള പരാജയപ്പെട്ട മിസൈൽ പരീക്ഷണങ്ങൾ ബലൂചിസ്ഥാന്റെ പ്രദേശിക പരമാധികാരത്തെ ലംഘിക്കുക മാത്രമല്ല, തദ്ദേശീയ പൗരന്മാരുടെ ജീവൻ ഗുരുതരമായ അപകടത്തിലാക്കുകയും ചെയ്തു” എന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ എഴുതിയിട്ടുണ്ട്. ജൂലൈ 22 ന് ദേര ഗാസി ഖാനിൽ നിന്ന് തൊടുത്തുവിട്ട ഈ മിസൈൽ ഗ്രാപാൻ താഴ്വരയിലെ ലൂപ്പ് സെഹ്റാനി ലെവി സ്റ്റേഷനിൽ നിന്ന് വെറും 500 മീറ്റർ അകലെയാണ് വീണതെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാൻ സൈന്യം തുടർച്ചയായി അഭ്യാസങ്ങളോ മിസൈൽ പരീക്ഷണങ്ങളോ ഒക്കെ നടത്തിവരികയാണ്. പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘടനയായ ടിആർഎഫ് ഒരു ആഗോള ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതുമുതൽ പാകിസ്ഥാൻ ഞെട്ടലിലാണ്. അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യ വീണ്ടും ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചേക്കുമെന്ന് പാകിസ്ഥാൻ ഭയപ്പെടുന്നു. വ്യോമാഭ്യാസങ്ങൾക്കൊപ്പം മിസൈൽ പരീക്ഷണങ്ങളും പാകിസ്ഥാൻ നടത്തുന്നതിന്റെ കാരണം ഇതാണ്.
ഇതിനിടെ യുഎൻ ദേശീയ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്ത് വന്നിരുന്നു. മതഭ്രാന്തിനെയും ഭീകരതയെയും പിന്തുണക്കുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്ന് തുടർച്ചയായി കടം വാങ്ങുന്ന രാജ്യം കൂടിയാണ് എന്ന് ഇന്ത്യ വിമർശിച്ചു.
‘സമാധാനവും ബഹുമുഖത്വവും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവതനേനി ഹരീഷ് പാക്കിസ്ഥാനെതിരെ വിമർശനം അഴിച്ചുവിട്ടത്. സുരക്ഷ, സാമൂഹിക-സാമ്പത്തിക മാനദണ്ഡങ്ങളിൽ ഇന്ത്യ എങ്ങനെയാണ് മുന്നേറിയതെന്ന് അദ്ദേഹം വിശദീകരിച്ചു. വികസനം, പുരോഗതി, സമൃദ്ധി എന്നീ മാതൃകകളിൽ പക്വമായ ജനാധിപത്യമുള്ള രാജ്യമണ് ഇന്ത്യയെന്നും എന്നാൽ പാക്കിസ്ഥാൻ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
സമീപ കാലത്ത് ആധുനിക ഡിജിറ്റൽ, ആശയവിനിമയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതിർത്തി കടന്നുള്ള ധനസഹായം, ആയുധക്കടത്ത്, തീവ്രവാദികൾക്കുള്ള പരിശീലനം, എന്നിവ പാകിസ്ഥാൻ വർധിപ്പിച്ചതായും ഇന്ത്യ ചൂണ്ടിക്കാട്ടി