നരേന്ദ്ര മോദി-വ്ളാദിമിർ പുടിൻ ടെലിഫോൺ സംഭാഷണം: ഉഭയകക്ഷി വ്യാപാരവും നയതന്ത്രവും ചർച്ചയായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ ഫെഡറേഷൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി ടെലിഫോണിൽ സംഭാഷണം നടത്തി. റഷ്യ-ഉക്രൈൻ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ ടെലിഫോൺ സംഭാഷണമാണിത്. ഉക്രൈനിലെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സമവായത്തിനും നയതന്ത്രത്തിനും അനുകൂലമായ ഇന്ത്യയുടെ ദീർഘകാല നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.
2021 ഡിസംബറിൽ പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഇരു നേതാക്കളും അവലോകനം ചെയ്തു. പ്രത്യേകിച്ചും, കാർഷിക ഉൽപ്പന്നങ്ങൾ, വളങ്ങൾ, ഫാർമ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉഭയകക്ഷി വ്യാപാരം എങ്ങനെ കൂടുതൽ പ്രോത്സാഹിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പരസ്പരം കൈമാറി.
രാജ്യാന്തര ഊർജ വിപണിയും ഭക്ഷ്യവിപണിയും ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. ആഗോള, ഉഭയകക്ഷി വിഷയങ്ങളിൽ നിരന്തരം കൂടിയാലോചനകൾ നടത്താനും നേതാക്കൾ തമ്മിൽ ധാരണയായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയത്തിൻ്റെ പത്രക്കുറിപ്പ് അറിയിച്ചു.