മോദി ബ്രൂണെയില്‍, ഇന്ന് സുല്‍ത്താനെ കാണും
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രൂണെയിലെത്തി. സുല്‍ത്താൻ ഹാജി ഹസ്സനല്‍ ബോള്‍കിയയുടെ ക്ഷണപ്രകാരം എത്തിയ മോദിക്ക് തലസ്ഥാനമായ ബന്ദർ സെരി ബെഗവാനില്‍ ആചാരപരമായ സ്വീകരണം നല്കി.
ബ്രൂണെ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇന്ന് ബോള്‍കിയയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ബഹിരാകാശ സഹകരണം അടക്കം ചർച്ച ചെയ്യും.
സുല്‍ത്താന്റെ മൂത്ത മകനും കിരീടാവകാശിയും മന്ത്രിയുമായ ഹാജി അല്‍ മുഹതാദി ബില്ല വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചു. സന്ദർശനത്തിലെ ആദ്യപരിപാടിയായി ബന്ദർ സെരി ബെഗവാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പുതിയ ചാൻസറി മോദി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബ്രൂണെയിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. ബ്രൂണെ സുല്‍ത്താന്റെ പിതാവിന്റെ പേരിലുള്ള മുഗള്‍ വാസ്തുവിദ്യ സമന്വയിക്കുന്ന പ്രശസ്തമായ ഒമർ അലി സൈഫുദ്ദീൻ മസ്ജിദ് മോദി സന്ദർശിച്ചു.