പ്രവാചകനെ നിന്ദിച്ച ബി ജെ പി നേതാക്കളെ അപലപിച്ച് അമേരിക്ക; ഇവർക്കെതിരെ നടപടിയെടുത്ത ബി ജെ പി നേതൃത്വത്തിന് പ്രശംസ
പ്രവാചകനെതിരായ ബി ജെ പി നേതാക്കളുടെ പരാമർശത്തെ അപലപിച്ച് അമേരിക്ക രംഗത്ത്. എന്നാൽ നേതാക്കളുടെ നിലപാടിനോട് യോജിക്കാതെ നിന്ന പാർട്ടി നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറയുന്നു.
മതസ്വാതന്ത്ര്യമോ വിശ്വാസമോ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയെടുക്കുന്ന നിലപാടുകൾ യു എസ് നിരന്തരം ശ്രദ്ധിക്കാറുണ്ടെന്നും അതിൽ മനുഷ്യാവകാശ വിഷയങ്ങളിൽ ഇടപെടുന്ന ഇന്ത്യയുടെ രീതികളിൽ പലപ്പോഴും ആദരവ് തോന്നിയിട്ടുണ്ടെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താ നെഡ് പ്രൈസ് പറഞ്ഞു.
മെയ് മാസത്തിൽ ഒരു ചാനൽ ചർച്ചക്കിടെയാണ് ബി ജെ പി ദേശീയ വക്താവ് നൂപുർ ശർമ വിവാദ പരാമർശം നടത്തിയത്. പ്രസ്താവന വന്ന ഉടനെ തന്നെ അറബ് രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെ നൂപുറിനെ പാർട്ടി
അധികാര സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. പ്രവാചകനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച പാർട്ടി മാധ്യമ വിഭാഗം ചുമതലയുള്ള നവീൻ ജിൻഡാലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ഗൾഫ് രാജ്യങ്ങൾ പ്രതിഷേധിച്ച് തുടങ്ങിയതോടെ മറ്റ് മാർഗങ്ങളില്ലാതെയാണ് ബി ജെ പി നേതൃത്വം രണ്ട് നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചത്. അയൽരാജ്യമായ ബംഗ്ലാദേശിലെ പ്രതിഷേധക്കാർ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് പരസ്യ പ്രതികരണം നടത്താൻ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംയുക്ത പ്രസ്താവനയുമായി കുവൈത്തിലെ പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു.
Content Highlights : Prophet Row US on BJP action