അഗ്നിപഥിനെ യുവാക്കൾ തിരസ്കരിച്ചു; പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി
അഗ്നിപഥ് പദ്ധതിയെ യുവാക്കൾ തിരസ്കരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥിനെതിരായി രാജ്യമൊട്ടാകെ കലാപസമാനമായ പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാജ്യം രണ്ട് അതിർത്തികളിൽ ഭീഷണികൾ നേരിടുമ്പോൾ നമ്മുടെ സായുധ സൈന്യങ്ങളുടെ കാര്യക്ഷമതയില്ലാതാക്കുന്ന അനാവശ്യ പദ്ധതിയാണ് അഗ്നിപഥെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിൻ്റെ പ്രതികരണം.
അഗ്നിപഥ് യുവാക്കളും കാർഷിക നിയമങ്ങൾ കർഷകരും നോട്ടുനിരോധനം സാമ്പത്തിക വിദഗ്ദരും ജിഎസ്ടി വ്യാപാരികളും നിരസിച്ചു. രാജ്യത്തിന് വേണ്ടതെന്തെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുന്നില്ല. ചില സുഹൃത്തുക്കളെയല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റില്‍ കുറ്റപ്പെടുത്തി.
“റാങ്കില്ല, പെൻഷനില്ല, രണ്ടുവർഷത്തിന് ശേഷം നേരിട്ടുള്ള നിയമനങ്ങളില്ല, നാലുവർഷത്തിന് ശേഷം സ്ഥിരതയുള്ള ഭാവിയില്ല, സർക്കാരിൻ്റെ സേനയുടെ ഭാഗമെന്ന അന്തസുമില്ല. രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെ ശബ്ദം കേൾക്കൂ. അല്ലാതെ അവരെ “അഗ്നിപഥ”ത്തിലേയ്ക്ക് തള്ളിവിട്ട് അവരുടെ ക്ഷമയുടെ അഗ്നിപരീക്ഷ നടത്തരുത് പ്രധാനമന്ത്രീ,” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറ്റൊരു ട്വീറ്റ്.
അതേസമയം, പദ്ധതിയില്‍ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. അഗ്നിപഥ് യുവാക്കൾക്ക് മികച്ച അവസരമാണ്. ഇതു പ്രയോജനപ്പെടുത്തണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.