രാഹുലിനും സോണിയയ്ക്കും ഇഡി നോട്ടീസ്; പ്രതികാരനടപടിയെന്ന്
സോണിയ ഗാന്ധിക്കും (Sonia Gandhi) രാഹുല്‍ ഗാന്ധിക്കും (Rahul Gandhi) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (Enforcement Directorate) നോട്ടീസ്. നാഷണൽ ഹെറാൾഡ് (National Herald) കേസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് രാഹുലിനും സോണിയയ്ക്കും ഇഡി നോട്ടീസ് നല്‍കിയത്.
അതേസമയം ഇഡിയുടേത് രാഷ്ട്രീയമായ ലക്ഷ്യങ്ങളുള്ള നടപടിയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുകയാണെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
“പണമേ ഉൾപ്പെടാത്ത വിചിത്രമായ കള്ളപ്പണക്കേസാണിത്. ചീട്ടുകൊട്ടാരം പോലെ പൊള്ളയാണിത്. ഞങ്ങൾ അതിനെ നേരിടും,“ മനു അഭിഷേക് സിങ്വി പറഞ്ഞു.
യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇഡി കേസെടുത്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർമാർ.
സോണിയയ്ക്ക് ജൂൺ എട്ടിനും രാഹുലിന് ജൂൺ രണ്ടിനുമാണ് ഹാജരാകേണ്ടത്. എന്നാൽ താൻ വിദേശത്തായതിനാൽ ജൂൺ അഞ്ചിന് ശേഷമേ ഹാജരാകാൻ കഴിയൂ എന്ന് രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്. അതേസമയം, കേസിനെ രാഷ്ട്രീയമായും നിയമപരമായു നേരിടാനാണ് കോൺഗ്രസിൻ്റെ തീരുമാനം.