രാജസ്ഥാൻ മന്ത്രിയുടെ മകനെതിരെ ബലാൽസംഗ പരാതി; അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ജയ്പൂരിൽ
ബലാൽസംഗ പരാതിയിൽ രാജസ്ഥാനിലെ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ജയ്പൂരിൽ (Delhi police team in Jaipur arrest Rajasthan Minister’s Son over rape case) . രാജസ്ഥാനിലെ പൊതു ആരോഗ്യ സാങ്കേതികവകുപ്പ് മന്ത്രിയായ മഹേഷ് ജോഷി (Mahesh Joshi) യുടെ മകൻ രോഹിത് ജോഷി (Rohit Joshi) യ്ക്കെതിരെയാണ് 23 വയസുകാരിയായ യുവതി പരാതി നൽകിയത്. പതിനഞ്ചോളം വരുന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാണ് രോഹിതിനെ അറസ്റ്റ് ചെയ്യാൻ ജയ്പൂരിൽ എത്തിയിരിക്കുന്നത്.
തന്നെ ലഹരിമരുന്ന് നൽകി മയക്കിയ ശേഷം ബലാൽസംഗം ചെയ്തുവെന്നും പിന്നീട് തൻ്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും പലപ്പോഴും പീഡനം തുടർന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. വടക്കൻ ഡൽഹിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിരുന്നു. രോഹിതിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 (ബലാൽസംഗം), 328 (കുറ്റകൃത്യം ചെയ്യുന്നതിനായി വിഷകരമായ വസ്തുക്കൾ നൽകുക), 312 (അനുവാദമില്ലാതെ ഗർഭിണിയാക്കുക), 366 (സ്ത്രീയെ തട്ടിക്കൊണ്ടുപോകുക), 377 (പ്രകൃതിവിരുദ്ധ ലൈംഗികത, 506 ( കുറ്റകരമായ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചാർജ് ചെയ്തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഫെയ്സ്ബുക്ക് വഴിയാണ് താൻ രോഹിതിനെ പരിചയപ്പെട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. അതിനുശേഷം ജയ്പ്പൂരിൽ വെച്ച് കണ്ടുമുട്ടിയ തന്നെ രോഹിത് 2021 ജനുവരി 8-ന് സാവോയ് മാധോപ്പൂരിലേയ്ക്ക് ക്ഷണിച്ചുവെന്നും യുവതി പറയുന്നു. അവിടെവെച്ച് തനിക്ക് കുടിക്കാൻ തന്ന പാനീയത്തിൽ ലഹരി കലർത്തുകയും അബോധാവസ്ഥയിലായ തന്നെ ബലാൽസംഗം ചെയ്യുകയും ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. പിറ്റേന്ന് രാവിലെ തൻ്റെ നഗ്നചിത്രങ്ങളും വീഡിയോകളും കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പിന്നീട് ഈ വർഷം ഏപ്രിൽ 17 വരെയുള്ള കാലയളവിനിടയിൽ, തന്നെ പലതവണ രോഹിത് ബലാൽസംഗം ചെയ്തെന്ന് യുവതി ആരോപിക്കുന്നു. ഡൽഹിലും മറ്റും മുറിയെടുത്ത് തന്നെ ബലാൽസംഗം ചെയ്തുവെന്നും ഇതിനിടയിൽ തനിക്ക് വിവാഹവാഗ്ദാനം നൽകിയിട്ടുണ്ടെന്നും യുവതി പറയുന്നു. എന്നാൽ പലപ്പോഴും മദ്യപിച്ച ശേഷം തന്നെ മർദ്ദിക്കുകയും തൻ്റെ നഗ്നവീഡിയോകൾ ഷൂട്ട് ചെയ്യുകയും ചെയ്യും. ഇതെല്ലാം ഇൻ്റർനെറ്റിൽ വൈറൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിക്കുന്നു.
2021 ഓഗസ്റ്റ് മാസത്തിൽ താൻ ഗർഭിണിയാണെന്ന് യുവതി മനസിലാക്കി. രോഹിതിൽ നിന്നാണ് താൻ ഗർഭം ധരിച്ചതെന്നും എന്നാൽ രോഹിത് തന്നെ ഗർഭം അലസിപ്പിക്കാൻ ഒരു ഗുളിക കഴിക്കാൻ നിർബ്ബന്ധിച്ചതായും യുവതി പരാതിയിൽപ്പറയുന്നു. എന്നാൽ യുവതി ഗുളിക കഴിക്കാൻ തയ്യാറായില്ല.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടു(Ashok Gehlot)മായി വളരെ അടുപ്പമുള്ള മന്ത്രിയാണ് രോഹിതിൻ്റെ പിതാവായ മഹേഷ് ജോഷി.
അതേസമയം, രോഹിത് ജോഷിയെ രാജസ്ഥാൻ സർക്കാർ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇത്തരം കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്നത് കോൺഗ്രസിൻ്റെ സംസ്കാരമാണെന്ന് രാജസ്ഥാൻ പ്രതിപക്ഷനേതാവ് ഗുലാബ് ചന്ദ് കട്ടാരിയ (Gulab Chand Kataria) ആരോപിച്ചു.
Content Highlight: Delhi Police Teams In Jaipur To Arrest Rajasthan Minister’s Son Over Rape Case