ശിവക്ഷേത്രത്തില്‍ ഇറച്ചിയെറിഞ്ഞു, പ്രതി രാജ്ദീപ് അറസ്റ്റില്‍; ഇന്ന് വി.എച്ച്.പി ബന്ദ്
ജാര്‍ഖണ്ഡ്: ഗുംല ജില്ലയിലെ ടേട്ടോയിലെ ശിവക്ഷേത്രത്തില്‍ ഇറച്ചിക്കഷ്ണം എറിഞ്ഞ സംഭവത്തില്‍ പ്രതി രാജ്ദീപ് കുമാര്‍ താക്കൂറെന്ന ഗോലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 14നാണ് സാമുദായിക കലാപം ലക്ഷ്യമിട്ട് ഇയാള്‍ ക്ഷേത്രത്തില്‍ ഇറച്ചി കൊണ്ടുവെച്ചത്. തീവ്ര ഹിന്ദുത്വസംഘടനകള് പ്രക്ഷോഭവുമായി രംഗത്ത് വരികയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. ഗുംല ജില്ലയില്‍ ഇന്ന് വി.എച്ച്.പിയുടെയും ബജ്റങ്ദളിന്റെയും നേതൃത്വത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് പ്രതിയായ രാജ്ദീപ് കുമാര്‍ പിടിയിലായത്.
മാംസക്കഷ്ണം ക്ഷേത്രത്തില്‍ എറിഞ്ഞ് സാമുദായിക സൗഹാര്‍ദം തകര്‍ത്ത സംഭവത്തില്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയതെന്ന് എസ്.ഡി.പി.ഒ മനീഷ് ചന്ദ്രലാല്‍ അറിയിച്ചു. മുൻപ് ഇതേ ക്ഷേത്രത്തിലെ വിഗ്രഹം രാജ്ദീപ് തകര്‍ത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.