രാമക്ഷേത്രഫണ്ടിലേയ്ക്ക് സംഭാവനയായി 22 കോടിരൂപയുടെ വണ്ടിച്ചെക്കുകൾ; 15,000 ചെക്കുകൾ മടങ്ങി
അയോധ്യയിലെ രാമക്ഷേത്രനിർമാണത്തിനായി രാമക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി ലഭിച്ച 15,000 ബാങ്ക് ചെക്കുകൾ ബൗൺസ് ആയി. 22 കോടിയിലധികം രൂപയുടെ മൂല്യമുള്ള ചെക്കുകളാണ് മടങ്ങിയത്. വണ്ടിച്ചെക്കുകൾ അത് നൽകിയവർക്ക് തിരികെ നൽകാനാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.
വണ്ടിച്ചെക്കുകളിൽ കൂടുതലും അയോധ്യ നഗരത്തിൽ നിന്നുള്ളവർ നൽകിയതാണെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. മടങ്ങിയ 2,000-ത്തിലധികം ചെക്കുകൾ അയോധ്യയിൽ നിന്നും ലഭിച്ചതാണ്. അക്കൗണ്ടിൽ തുക ഇല്ലാത്തതാണ് ചെക്കുകൾ ബൗൺസ് ആകാനുള്ള പ്രധാന കാരണമെന്ന് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ അയോധ്യ ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അക്ഷരപ്പിശകുകൾ, തിരുത്തിയെഴുതൽ, ഒപ്പിലെ പൊരുത്തക്കേടുകൾ എന്നിവയും ചില ചെക്കുകൾ മടങ്ങാൻ കാരണമായിട്ടുണ്ട്. ചെക്കുകൾ ദാതാക്കൾക്ക് തിരികെ നൽകി പുതിയവ വാങ്ങാനാണ് ട്രസ്റ്റിൻ്റെ തീരുമാനം.
അതേസമയം രാമക്ഷേത്രം നിർമിക്കുന്നതിനായി ട്രസ്റ്റിന് ഇതുവരെ 3400 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് പുറത്തുവിട്ട ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.സംഭാവന നൽകിയവരുടെ വിശദ വിവരങ്ങളും ട്രസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള വലിയ തുകകൾ സംഭാവന നൽകിയത് 127 പേരാണ്. 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ സംഭാവന നൽകിയത് 123 പേരും 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സംഭാവന നൽകിയത് 927 പേരുമാണ്. ആകെ 1,428 പേർ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ സംഭാവന നൽകിയപ്പോൾ 31,663 പേർ ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ സംഭാവനയായി നൽകി.