ടോള്‍ പിരിവില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ടോള്‍ പിരിക്കാന്‍ ഒരുങ്ങി ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം
രാജ്യത്തെ ടോള്‍ പിരിവ് രീതിയില്‍ അടിമുടി പരീക്ഷണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള ഫാസ്റ്റ് ടാഗ് സംവിധാനം പൂര്‍ണ്ണമായി ഒഴിവാക്കി പകരം ഉപഗ്രഹ നാവിഗേഷന്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് നിശ്ചിത നിരക്കില്‍ ടോള്‍ തുക നല്‍കണം. ടോള്‍ ഏര്‍പ്പെടുത്തിയ റോഡിലൂടെ എത്ര ദൂരം സഞ്ചരിച്ചു എന്നത് മാനദണ്ഡമല്ല. കൂടുതല്‍ ദൂരം സഞ്ചരിക്കുന്നവര്‍ക്കും, കുറച്ചു ദൂരം സഞ്ചരിക്കുന്നവര്‍ക്കും ഒരേ തുകയാണ് ഈടാക്കുന്നത്.
എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ രീതി മാറ്റം വരും. പകരം സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രമേ പണം നല്‍കേണ്ടതുള്ളൂ. ഇതുവഴി നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് വാഹനം ട്രാക്ക് ചെയ്യുകയും. പണം നേരിട്ട കൈമാറാതെ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കുയും ചെയ്യും. പുതിയ സംവിധാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം നടത്തി വരികയാണ്.
ദേശീയതലത്തില്‍ നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ ടോള്‍ പ്ലാസകളുടെ ആവശ്യകത പരിമിതമാവും. യൂറോപ്പ്യന്‍ രാജ്യങ്ങളിലേറെയും ഈ സംവിധാനം നിലവിലുണ്ട്. ഇന്ത്യയില്‍ ഉപഗ്രഹ നാവിഗേഷന്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് രാജ്യത്തെ ഗതാഗത നിയമങ്ങളില്‍ പൊളിച്ചെഴുത്തുണ്ടാകും. ഈ വിഷയത്തെ കുറിച്ച് റഷ്യയില്‍ നിന്നും, ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ പഠനം നടത്തിവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Content Highlight: GPS based toll collection to enhance accuracy in highway toll collections