സെന്‍സെക്സില്‍ കനത്ത ഇടിവ്; 500 പോയിന്റ് താഴ്ന്നു, ബാങ്കിങ് ഓഹരികള്‍ റെഡില്‍

തുടര്‍ച്ചയായി നേട്ടം രേഖപ്പെടുത്തിയ ശേഷം ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിനിടെ ഉച്ചയ്ക്ക് ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി.
വ്യാപാരത്തിന്റെ തുടക്കത്തില്‍ വിപണി നേട്ടത്തിലായിരുന്നു. ഐടി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയെ താങ്ങിനിര്‍ത്തിയത്. കൂടാതെ വിദേശനിക്ഷേപം ഒഴുകിയെത്തിയതും വിപണിക്ക് ഗുണം ചെയ്തു. എന്നാല്‍ ഉച്ചയോടെ ലാഭമെടുപ്പ് ദൃശ്യമായതോടെയാണ് വിപണി ഇടിയാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വിപണി മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ഓഹരി വിലയുടെ ഉയര്‍ന്ന തലത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് തയ്യാറായതാണ് വിപണി താഴാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ബാങ്കിങ്, ഓട്ടോ, എഫ്എംസിജി, റിയല്‍റ്റി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. തുടര്‍ച്ചയായി ആറുദിവസം ഓഹരി വിപണി നേട്ടം സ്വന്തമാക്കിയ ശേഷമാണ് ഇന്നത്തെ ഇടിവ്. ഇതിന് പുറമേ ആഗോള വിപണി ദുര്‍ബലമായതും ഇന്ത്യന്‍ ഓഹരി വിപണിക്ക് വിനയായി. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.