നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്കി. ജൂലൈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹാജരാകാൻ ഒരു പ്രത്യേക തീയതി നോട്ടീസിൽ സൂചിപ്പിച്ചിട്ടില്ല.
ചോദ്യം ചെയ്യലിന് ജൂൺ 23-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി സോണിയ ഗാന്ധിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നല്‍കിയിരുന്നു. ആരോഗ്യനില മെച്ചപ്പെടാന്‍ ആഴ്ചകളെടുക്കുമെന്നും അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നും സോണിയ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് സുഖപ്പെട്ടതിന് ശേഷം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ സോണിയ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുന്‍പാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്.