ഇൻഷുറൻസ് തുകക്കായി അച്ഛനെ കൊലപ്പെടുത്തിയ മക്കൾ; മൂർഖൻ പോരാഞ്ഞിട്ട്, വെള്ളിക്കെട്ടനെ കൊണ്ട് കടിപ്പിച്ച് കൊന്നു
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി രണ്ട് മക്കൾ ചേർന്ന് അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് 3 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി കൊലപാതകം നടന്നത്. രണ്ട് യുവാക്കളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ ജില്ലയിലെ പൊത്താതുർപേട്ട സ്വദേശിയായ ഇ.പി. ഗണേശൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗണേശന്റെ മക്കളായ മോഹൻരാജ് , ഹരിഹരൻ എന്നിവരെയും ഇവർക്ക് പാമ്പിനെ എത്തിച്ചുനൽകിയ നാല് സഹായികളെയും പോലീസ് പിടികൂടി.
സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായ ഗണേശനെ കഴിഞ്ഞ ഒക്ടോബർ 22-നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെ പാമ്പ് കടിയേറ്റതാണെന്നാണ് മക്കൾ ആദ്യം പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. ഇത് നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു.
ഗണേശന്റെ മക്കളായ ഹരിഹരന്, മോഹന്‍രാജ് എന്നിവരാണ് കടബാധ്യതകള്‍ തീര്‍ക്കാന്‍ പിതാവിനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയത് എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ഗണേശന്റെ പേരില്‍ മൂന്ന് കോടി രൂപയോളം വരുന്ന ഒന്നിലധികം ഇന്‍ഷുറന്‍സ് പോളിസികള്‍ മക്കള്‍ എടുത്തിരുന്നു. ഇത് പണം തട്ടാനായിരുന്നു.
എന്നാൽ ആ കുടുംബത്തിന്റെ വരുമാനത്തേക്കാൾ വലിയ തുക പ്രീമിയമായി അടയ്ക്കുന്ന രീതിയിലുള്ള വലിയ പോളിസികളായിരുന്നു ഇവ. ഇത് ഇൻഷുറൻസ് കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
നമ്മൾ കേരളത്തിൽ കണ്ടറിഞ്ഞ പാമ്പിനെ ഉപയോഗിച്ചുള്ള ഒരു കൊലപാതകം ഉത്രയുടേത് ആയിരുന്നു. ഉത്ര പാമ്പു കടിച്ച് മരിച്ചതിന് പിന്നില്‍ ഭര്‍ത്താവും കുടുംബവും ആയിരുന്നു. സ്വത്ത് തട്ടിയെടുത്ത് മറ്റൊരു കല്യാണം കഴിക്കാനുള്ള തന്ത്രമായിരുന്നു അത്. പാമ്പു കടിച്ചു മരിച്ചാല്‍ ആര്‍ക്കും സംശയം തോന്നില്ലെന്ന് കരുതി നടത്തിയ കൊലപാതകം. ഇതേ തന്ത്രമാണ് ഗണേശിന്റെ മക്കളും നടത്തിയത്.
കൊലപാതകത്തിനായി മക്കള്‍ വാടകയ്ക്കെടുത്ത സഹായികള്‍ അതീവ വിഷമുള്ള പാമ്പിനെ എത്തിക്കുകയായിരുന്നു. പിതാവ് ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു. അങ്ങനെ മരണം ഉറപ്പാക്കുകയും ചെയ്തു. സംഭവം സ്വാഭാവികമായ പാമ്പ് കടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കൊലപാതകത്തിന് ശേഷം വീട്ടുകാര്‍ തന്നെ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് മറ്റൊരു പാമ്പിനെക്കൊണ്ട് കാലില്‍ കടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അന്ന് ഗണേശന് രക്ഷപ്പെട്ടു.
സാധാരണ ഗതിയില്‍ പാമ്പ് കടിയേറ്റുള്ള മരണങ്ങളില്‍ അത്രക്ക് വിശദമായ അന്വേഷണം നടക്കാറില്ല എന്നൊരു ധാരണയിൽ ആണ് ഈകൊലപാതകം നടത്തിയത്. എന്നാല്‍ ഇന്‍ഷുറന്‍സ് തുകയിലെ വലിയ വര്‍ദ്ധനവും മകന്റെ പെരുമാറ്റത്തിലെ ചില മാറ്റങ്ങളും കേസില്‍ നിര്‍ണ്ണായകമായി.
ഇന്‍ഷുറന്‍സ് കമ്പനിയുടെ പരാതിയെത്തുടര്‍ന്ന് ഐ.ജി അസ്ര ഗാര്‍ഗിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഗണേശനെ ആശുപത്രിയിലെത്തിക്കാന്‍ മനഃപൂര്‍വം വൈകിപ്പിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഇതാണ് കേസില്‍ തുമ്പായി മാറിയത്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത്. ഗണേശനെ കൊല്ലാൻ മക്കൾ ഇതിനു മുൻപും ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഒരാഴ്ച മുൻപ് ഒരു മൂർഖൻ പാമ്പിനെ കൊണ്ട് ഗണേശനെ കടിപ്പിച്ചെങ്കിലും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു.
എന്നാൽ രണ്ടാം തവണ കൂടുതൽ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ എത്തിച്ച് ഉറങ്ങിക്കിടന്ന ഗണേശന്റെ കഴുത്തിൽ തന്നെ കടിപ്പിച്ചു മരണം ഉറപ്പാക്കുകയായിരുന്നു. പാമ്പ് കടിയേറ്റ ശേഷം ഗണേശനെ ആശുപത്രിയിലെത്തിക്കാൻ മക്കൾ മനഃപൂർവം വൈകിപ്പിച്ചു.
ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള കൊലപാതകവും കേരളത്തിൽ വർഷങ്ങൾക്ക് മുന്നേ നടന്നിട്ടുണ്ട്. സുകുമാരക്കുറുപ്പ് തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തന്നെ തട്ടിയെടുക്കാൻ ചാക്കോ എന്ന വ്യക്തിയെ കൊലപ്പെടുത്തുകയായിരുന്നു. ഭീമമായ ഇന്‍ഷുറന്‍സ് ക്ലെയിമിന് വേണ്ടിയാണ് ഈ കൊല നടത്തിയത്. കാറില്‍ മറ്റൊരാളെ കത്തിച്ച് തള്ളിയ ശേഷം, താനാണ് മരിച്ചത് എന്ന് വരുത്തിയായിരുന്നു ആ തട്ടിപ്പ് അരങ്ങേറിയത്. എന്നാല്‍ ആ കള്ളം പോലീസിന്റെ അന്വേഷണത്തിൽ പൊളിഞ്ഞു. അതോടെ സുകുമാരക്കുറുപ്പ് എന്നെന്നേക്കുമായി ഒളിവിൽ പോകുകയും ചെയ്തു.













